എനർജി ഡ്രിങ്കുകൾ താൽക്കാലിക ഊർജം നൽകുമെങ്കിലും ഹൃദയത്തിന് ഭീഷണി; മുന്നറിയിപ്പുമായി ഗവേഷകർ

ക്ഷീണവും ഉറക്കവും അകറ്റി പെട്ടെന്ന് ഉന്മേഷം നേടാൻ എനർജി ഡ്രിങ്കുകളെ ആശ്രയിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇവയുടെ ഉപയോഗം വർധിച്ചുവരികയാണ്. വ്യായാമത്തിന് മുമ്പും ശേഷവും ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കിയവരുമുണ്ട്. എന്നാൽ തൽക്ഷണ ഊർജം നൽകുന്ന എനർജി ഡ്രിങ്കുകൾ ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകാമെന്നാണ് പുതിയ ഗവേഷണത്തിന്റെ മുന്നറിയിപ്പ്.

2017 മുതൽ 2025 വരെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) സുരക്ഷാ ഡാറ്റാബേസിൽ രേഖപ്പെടുത്തിയ 28,345 റിപ്പോർട്ടുകളാണ് ഗവേഷകർ വിശകലനം ചെയ്തത്. ഇതിൽ കഫീനോ മറ്റ് ഉത്തേജക ഘടകങ്ങളോ അടങ്ങിയ എനർജി ഡ്രിങ്കുകളുമായും സപ്ലിമെന്റുകളുമായും ബന്ധപ്പെട്ട 854 റിപ്പോർട്ടുകൾ ഉൾപ്പെടുന്നു. ഉത്തേജകങ്ങൾ ഇല്ലാത്ത ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 11 മടങ്ങും ഹൃദയാഘാതവുമായി ബന്ധപ്പെട്ടവ 4.5 മടങ്ങും കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, തലകറക്കം, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്തരം റിപ്പോർട്ടുകളിൽ ഏകദേശം 45 ശതമാനവും 18നും 34നും ഇടയിൽ പ്രായമുള്ളവരുമായി ബന്ധപ്പെട്ടതാണ്. കഫീൻ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ജാഗ്രത വർധിപ്പിക്കുമെങ്കിലും അമിതമായ ഉപയോഗം ഹൃദയമിടിപ്പും രക്തസമ്മർദവും ഉയർത്താം. ഗ്വാറാന, ടോറിൻ തുടങ്ങിയ ഘടകങ്ങൾ കഫീനൊപ്പം ചേരുമ്പോൾ ഹൃദയത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ വർധിക്കാനും സാധ്യതയുണ്ട്.

ആരോഗ്യമുള്ള മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ പൊതുവെ സുരക്ഷിതമായ പരിധിയായി കണക്കാക്കുന്നുണ്ടെങ്കിലും, ഒരു എനർജി ഡ്രിങ്കിൽ തന്നെ 80 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിരിക്കാം. കാപ്പി, ചായ, മറ്റ് സപ്ലിമെന്റുകൾ എന്നിവയിലൂടെയും കഫീൻ ശരീരത്തിലെത്തുന്നുണ്ടെന്ന കാര്യം മറക്കരുത്.

എനർജി ഡ്രിങ്കുകൾ ഉപയോഗിച്ചശേഷം നെഞ്ചുവേദന, ഹൃദയമിടിപ്പ് കൂടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അവ അവഗണിക്കരുത്. നെഞ്ചുവേദനയോ ബോധക്ഷയമോ ഉണ്ടായാൽ അടിയന്തര വൈദ്യസഹായം തേടണം. ഉയർന്ന രക്തസമ്മർദമോ ഹൃദയതാള പ്രശ്നങ്ങളോ ഉള്ളവർ ഇത്തരം പാനീയങ്ങൾ ഒഴിവാക്കണമെന്നും കഫീന്റെ അളവ് പരിശോധിച്ചശേഷം മാത്രം ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മറുപടി രേഖപ്പെടുത്തുക