എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽപിഎസ്ടി ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്നും എന്നാൽ ആ വാഗ്ദാനങ്ങളെല്ലാം ഇപ്പോൾ അവഗണിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
സമരത്തിന് നേതൃത്വം നൽകുന്ന വളർമതിയുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഒത്തുതീർപ്പ് ചർച്ച വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നേരത്തെ നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സമരനേതാവ് വളർമതി വ്യക്തമാക്കി. വെയിലും മഴയും സഹിച്ച് സമരം തുടരേണ്ടിവന്നാലും പിന്മാറില്ലെന്നാണ് നിലപാട്. സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന നിർബന്ധമാണ് സർക്കാരിനെന്നും പൊലീസ് അവരുടെ ജോലി ചെയ്യട്ടെയെന്നും വളർമതി പ്രതികരിച്ചു. സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
