മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ രൂക്ഷമായതോടെ സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ വൻ ഇടിവ്. ഓഗസ്റ്റിൽ പ്രതിദിന ഉത്പാദനം ഏകദേശം 1.9 ദശലക്ഷം ബാരൽ കുറഞ്ഞ് 6.238 ദശലക്ഷം ബാരലിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 1990ലെ ഗൾഫ് യുദ്ധത്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും കുറഞ്ഞ ഉത്പാദനനിലയാണിത്.
സൗദി അറേബ്യ തന്നെയാണ് ഉത്പാദന കണക്കുകൾ ഒപെക്കിന് കൈമാറിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി മാർഗങ്ങളിൽ നേരിടുന്ന നിയന്ത്രണങ്ങളും തടസ്സങ്ങളുമാണ് ഉത്പാദനത്തെ ബാധിച്ചതെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കപ്പെട്ടതോടെ സൗദിക്ക് ചെങ്കടൽ വഴിയുള്ള കയറ്റുമതിയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിനിടെ യെമനിലെ ഹൂത്തി സേന സൗദി പിന്തുണയുള്ള സേനയ്ക്കെതിരായ പോരാട്ടം ശക്തമാക്കുകയും സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ആക്രമണ ഭീഷണി നേരിടുന്നുണ്ട്. ചൊവ്വാഴ്ചയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ചില എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചു. എന്നാൽ നാശനഷ്ടത്തിന്റെ വ്യാപ്തിയും ഉത്പാദനത്തിലുണ്ടായ ആഘാതവും സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ റിയാദ് പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോച്ച ഹൂത്തികൾ പിടിച്ചെടുത്തതായും ബാബ് അൽ-മന്ദബ് കടലിടുക്കിലേക്കുള്ള സമീപനങ്ങളിൽ നിയന്ത്രണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടലിലേക്കുള്ള പ്രധാന തെക്കൻ പ്രവേശന കവാടമായ ബാബ് അൽ-മന്ദബ് സൗദി എണ്ണ കയറ്റുമതിക്കും നിർണായക പാതയാണ്.
ബ്ലൂംബെർഗ് സമാഹരിച്ച താൽക്കാലിക ടാങ്കർ ട്രാക്കിംഗ് കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയും ഏകദേശം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയ സാഹചര്യത്തിലാണ് സൗദിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ ഈ ഇടിവ്.
