എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും അനുവദിക്കില്ലെന്ന നിലപാടാണ് വി.ഡി. സതീശൻ സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനം ബിജെപിയുടേതിന് സമാനമാണെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തതുപോലെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
ജന്തർ മന്തറിൽ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത നടപടിയെ ഓർമിപ്പിക്കുന്നതാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയ പ്രചാരണത്തിന് ആയുധം നൽകുന്ന നടപടിയാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചതെന്നും ഇതിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ഡി. സതീശന്റെയും അമിത് ഷായുടെയും ശബ്ദം ഒരുപോലെയാണെന്നും കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും റഹീം പറഞ്ഞു. സമരപ്പന്തൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിയെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
