ജീവിതം തുറന്ന പുസ്തകം,മറച്ചുവെക്കാൻ രഹസ്യങ്ങളില്ല ;സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കില്ല : ഡി.കെ. ശിവകുമാർ

തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ആരെയും ഉപദ്രവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരുവിൽ ബുധനാഴ്ച നടന്ന തന്റെ ആത്മകഥയായ ‘ചാലീസുവ ബന്ദേ ഡി.കെ. ശിവകുമാർ’ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനോ മറ്റാർക്കെങ്കിലുമോ ദോഷം വരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവം തനിക്കില്ലെന്നും ഭാവിയിലും അത്തരമൊരു സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വത്തിനാണ് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ രാഷ്ട്രീയ വളർച്ച പ്രതിപക്ഷ പാർട്ടികൾക്ക് അംഗീകരിക്കാനാകുന്നില്ലെന്നും എന്നാൽ വിമർശനങ്ങളെ ഭയന്ന് പിന്നോട്ടുപോകില്ലെന്നും ശിവകുമാർ പറഞ്ഞു. മുൻപ് രാഷ്ട്രീയ എതിരാളിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയപ്പോഴും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ പിന്തുണയ്ക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ സ്വന്തം മനഃസാക്ഷിക്ക് നിരക്കുന്നതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പദവിയോ കാബിനറ്റ് മന്ത്രിസ്ഥാനമോ ലഭിച്ചതിനേക്കാൾ സന്തോഷം നൽകിയത് 48-ാം വയസ്സിൽ മൈസൂർ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയതാണെന്നും ശിവകുമാർ വെളിപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളിൽ ജയിലിൽ കഴിയേണ്ടിവന്നപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭാഗ്യത്തെക്കാൾ കഠിനാധ്വാനത്തിലും അച്ചടക്കത്തിലും വിശ്വസിക്കണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത ശിവകുമാർ, വിമർശനങ്ങൾ കാലക്രമേണ ഇല്ലാതാകുമെങ്കിലും ഒരാൾ ചെയ്ത പ്രവൃത്തികൾ എന്നും നിലനിൽക്കുമെന്നും ഓർമിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക