മെസ്സിയുടെ പേരിൽ പണം തട്ടാനായിരുന്നു പദ്ധതി; മുൻ സർക്കാരിനെതിരെ കായികമന്ത്രി ഒ.ജെ. ജനീഷ്

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പന്ത് തട്ടിക്കാനായിരുന്നില്ല, അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കായിക വകുപ്പിൽ പോലും അഴിമതിക്ക് അവസരമൊരുക്കിയെന്നത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

മെസ്സി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കുമെന്നും മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ തുറന്ന വാഹനത്തിൽ യാത്ര ചെയ്യുമെന്നും പ്രചരിപ്പിച്ചാണ് വലിയ തോതിൽ സാമ്പത്തിക സമാഹരണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ പണം സമാഹരിച്ച സ്ഥാപനങ്ങൾക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നോ, ഫണ്ട് എവിടെനിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാതെയാണ് മുൻ സർക്കാർ തീരുമാനങ്ങളെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന് നേരിട്ട് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന ഇടതുമുന്നണി നേതാക്കളുടെയും സ്പോൺസറുടെയും വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം പദ്ധതിക്കായി വിനിയോഗിക്കുകയും ഔദ്യോഗിക സംവിധാനങ്ങളും സർക്കാർ ലേബലും ഉപയോഗിച്ച് പണം സമാഹരിക്കുകയും ചെയ്തു. ഇതും സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമായി കണക്കാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസ്സി കേരളത്തിലെത്തുമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ച് പറഞ്ഞത് എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു. അർജന്റീന ടീമുമായി ഔദ്യോഗിക കരാറുണ്ടായിരുന്നുവെന്നാണ് പറയുന്നതെങ്കിലും കരാർ സർക്കാരിന്റെ കൈവശമില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കരാർ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന സ്പോൺസർ അത് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറാകാത്തതും സംശയകരമാണെന്ന് മന്ത്രി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ പങ്കാളികളായ എല്ലാവരും നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി ലഭിച്ചു. സർക്കാരിന്റെ അപേക്ഷയിൽ നിയമപരമായ പരിശോധന നടത്തിയ ശേഷമാണ് ലോക്ഭവൻ അനുമതി നൽകിയത്. പ്രത്യേക അന്വേഷണസംഘം വി. അബ്ദുറഹിമാനെ കേസിൽ പ്രതിചേർക്കും. കേസിലെ മൂന്നാം പ്രതിയായിരിക്കും അദ്ദേഹമെന്നാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക