കാലാവസ്ഥാ പ്രകടന സൂചികയിൽ ഇന്ത്യ 28-ാം സ്ഥാനത്ത്; അഞ്ച് റാങ്ക് പിന്നോട്ട്

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക (CCPI) 2026-ൽ ഇന്ത്യയ്ക്ക് 28-ാം സ്ഥാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ പിന്നോട്ടുപോയെങ്കിലും മൊത്തത്തിലുള്ള പ്രകടനത്തിൽ ‘ഇടത്തരം’ വിഭാഗം നിലനിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന COP31 സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ഹരിതഗൃഹ വാതക ഉദ്‌വമനം, ഊർജ ഉപഭോഗം, കാലാവസ്ഥാ നയം എന്നീ മേഖലകളിൽ ഇന്ത്യയ്ക്ക് ‘ഇടത്തരം’ റേറ്റിംഗാണ് ലഭിച്ചത്. അതേസമയം, സൗരോർജ, കാറ്റാടി ഊർജ മേഖലകളിലെ പുരോഗതി പരിഗണിച്ച് പുനരുപയോഗ ഊർജ വിഭാഗത്തിൽ ‘ഉയർന്ന’ റേറ്റിംഗും ലഭിച്ചു.

2025 ജൂണിൽ ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ശേഷിയിൽ ഫോസിൽ ഇതര ഊർജത്തിന്റെ വിഹിതം 50 ശതമാനത്തിലെത്തിയതിനെ റിപ്പോർട്ട് പ്രധാന നേട്ടമായി വിലയിരുത്തി. 2030-ൽ കൈവരിക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ നേട്ടം അഞ്ച് വർഷം മുമ്പേ കൈവരിക്കാനായി. എന്നാൽ ഇത് സ്ഥാപിത വൈദ്യുതി ശേഷിയിലെ വിഹിതമാണെന്നും യഥാർഥ വൈദ്യുതി ഉൽപാദനത്തിലെ വിഹിതമല്ലെന്നും റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടി.

മേൽക്കൂര സൗരോർജ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം, ആഭ്യന്തര ഉൽപാദന മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവയും ഇന്ത്യയുടെ പ്രകടനത്തെ മെച്ചപ്പെടുത്തി. 2026 ജനുവരി മുതൽ 490 വ്യാവസായിക യൂണിറ്റുകൾക്ക് ഉദ്‌വമന തീവ്രതാ ലക്ഷ്യങ്ങൾ നിശ്ചയിച്ച കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീമും 26 നഗരങ്ങളിലെ മെട്രോ സംവിധാനങ്ങളുടെ വിപുലീകരണവും റിപ്പോർട്ട് എടുത്തുപറഞ്ഞു.

അതേസമയം, പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയ്ക്ക് മുന്നിൽ നിരവധി വെല്ലുവിളികളുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. വൈദ്യുതി പ്രസരണ ശൃംഖലകൾ, ഗ്രിഡ് സംവിധാനങ്ങൾ, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയുടെ വികസനം പുനരുപയോഗ ഊർജ ശേഷി വർധിക്കുന്ന വേഗത്തിനൊത്ത് മുന്നേറുന്നില്ല. ഗ്രിഡിലെ പരിമിതികളും പരമ്പരാഗത വൈദ്യുതി ഉൽപാദനത്തിലെ വഴക്കമില്ലായ്മയും കാരണം 2025 മെയ് അവസാനത്തിനും ഡിസംബറിനുമിടയിൽ ഏകദേശം 2.3 ടെറാവാട്ട് മണിക്കൂർ സൗരോർജം ഉപയോഗിക്കാതെ വെട്ടിക്കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കെട്ടിട നിർമാണച്ചട്ടങ്ങൾ നടപ്പാക്കുന്നതിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഊർജക്ഷമതാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിലും പോരായ്മകളുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തി. ഗതാഗതത്തിനു പുറമേ കനത്ത വ്യവസായങ്ങൾ, ചരക്കുനീക്കം, പാചകം തുടങ്ങിയ മേഖലകളിലും ശുദ്ധമായ വൈദ്യുതീകരണം വേഗത്തിലാക്കണം. പൊതുഗതാഗതം, സൈക്ലിങ്, കാൽനടയാത്ര എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്.

2031-2035 കാലയളവിലേക്കുള്ള അടുത്ത ദേശീയ കാലാവസ്ഥാ പ്രതിജ്ഞകളുടെ ഭാഗമായി 2005-ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ജിഡിപിയുടെ ഉദ്‌വമന തീവ്രത 47 ശതമാനത്തോളം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആകെ സ്ഥാപിത വൈദ്യുതി ശേഷിയിൽ ഫോസിൽ ഇതര ഊർജത്തിന്റെ വിഹിതം 60 ശതമാനമാക്കുക, വനവികസനത്തിലൂടെ 3.5 മുതൽ 4 ബില്യൺ ടൺ വരെ കാർബൺ സിങ്കുകൾ സൃഷ്ടിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.

64 രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും കാലാവസ്ഥാ പ്രവർത്തനങ്ങൾ വിലയിരുത്തി 14 പ്രധാന ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന രാജ്യമൊന്നും ഇല്ലാത്തതിനാൽ ഇത്തവണയും ആദ്യ മൂന്ന് സ്ഥാനങ്ങൾ ഒഴിച്ചിട്ടു. ആഗോളതാപനം അപകടകരമായ തലത്തിലേക്ക് ഉയരുന്നത് തടയാൻ നിലവിൽ മുന്നിലുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ പോലും പര്യാപ്തമല്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക