സമരത്തെ ഭയന്നുള്ള നീക്കം ; ട്രെയിൻ റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിനെതിരെ ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ സെപ്റ്റംബർ 1-ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സി.പി.ഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷം പേരെ ഡൽഹിയിലെ സമരത്തിൽ പങ്കെടുപ്പിക്കാനായിരുന്നു സി.പി.ഐയുടെ പദ്ധതി. ഇതിനായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ബുക്ക് ചെയ്തിരുന്നു. കേരളത്തിൽ നിന്ന് 22 ബോഗികളുള്ള പ്രത്യേക ട്രെയിനിനായി പത്ത് ലക്ഷം രൂപ അഡ്വാൻസ് തുകയായി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മുൻകൂർ അടച്ച തുക തിരിച്ചുകിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ റദ്ദാക്കിയ വിവരം അറിയാൻ കഴിഞ്ഞതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിനുകൾക്കും സമാനമായ രീതിയിൽ അനുമതി നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്ന് ആരും സംശയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും, ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കുമെന്നും സി.പി.ഐ അറിയിച്ചു.

അതേസമയം, നിയമസഭയിലെ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ നിന്ന് പാർട്ടി പിന്മാറില്ലെന്നും വിഷയം എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക