ഇറാൻ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ഇറാനെതിരായ യുദ്ധനീക്കങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച അവസാനം ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനിടെ കടുത്ത വാഗ്വാദമുണ്ടായെന്നാണ് ഇസ്രയേലി വാർത്താ വെബ്‌സൈറ്റായ വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ വ്യോമാക്രമണങ്ങൾ പുനരാരംഭിക്കണമോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കമെന്നാണ് റിപ്പോർട്ടിലെ സൂചന.

എന്നാൽ, റിപ്പോർട്ട് നെതന്യാഹുവിന്റെ ഓഫീസ് ശക്തമായി നിഷേധിച്ചു. വാർത്ത വ്യാജവും പൂർണമായും അസംബന്ധവുമാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ട്രംപുമായി ഫോൺ സംഭാഷണം നടന്നെങ്കിലും ഇരുവരും തമ്മിൽ തർക്കമുണ്ടായിട്ടില്ലെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജൂണിലും ഇറാൻ വിഷയത്തിൽ ഇരുനേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. അന്ന് ഫോൺ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചതായും ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭിന്നതാ റിപ്പോർട്ടുകൾ ശ്രദ്ധ നേടുന്നത്.

ഇറാനെതിരെ കടുത്ത നിലപാട് തുടരണമെന്നതാണ് നെതന്യാഹുവിന്റെ ആവശ്യം. ഇറാൻ ആണവശേഷി പുനർനിർമിക്കാൻ സജീവമായി ശ്രമിക്കുകയാണെന്നും ആയത്തുള്ളമാരുടെ ഭരണകൂടത്തെ അധികാരത്തിൽനിന്ന് നീക്കുക മാത്രമാണ് ഭീഷണിക്ക് ശാശ്വത പരിഹാരമെന്നും 26-ാം കെനെസറ്റിന്റെ ഉദ്ഘാടനവേളയിൽ അദ്ദേഹം ആവർത്തിച്ചിരുന്നു.

അതേസമയം, ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കുന്നതിനേക്കാൾ നയതന്ത്ര ചർച്ചകൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമാണ് ട്രംപ് മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണങ്ങൾ പുനരാരംഭിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതിനായി നെതന്യാഹു ദിവസവും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തെ ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് വീണ്ടും സൈനിക നടപടി വേണമെന്ന നിലപാടിലാണ് നെതന്യാഹു. യുദ്ധം പുനരാരംഭിക്കാൻ ട്രംപിനുമേൽ ഇസ്രയേൽ പ്രധാനമന്ത്രി സമ്മർദം ചെലുത്തുന്നതിൽ അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ താൽപര്യങ്ങൾക്കിടയിലെ ഈ ഭിന്നത ഇറാൻ വിഷയത്തിൽ വരുംദിവസങ്ങളിൽ നിർണായകമാകുമോയെന്നാണ് രാജ്യാന്തര നിരീക്ഷകർ ഉറ്റുനോക്കുന്നത്.

മറുപടി രേഖപ്പെടുത്തുക