വെള്ളനിറത്തിന് വിട; ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അനുവദിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിപ്പിനെത്തുടർന്ന് ഹൈക്കോടതിയാണ് ഉത്തരവ് പിൻവലിക്കുന്നതിന് അംഗീകാരം നൽകിയത്. ഇതോടെ ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാൻ വഴിയൊരുങ്ങി.

2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ ഈ തീരുമാനം ടൂറിസ്റ്റ് ബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ ദീർഘകാലമായി നിറംമാറ്റം ആവശ്യപ്പെട്ടിരുന്നു.

ബസ് ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ച് നിറം സംബന്ധിച്ച വ്യവസ്ഥ പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചത്.

അതേസമയം, നിറം തിരഞ്ഞെടുക്കാൻ അനുമതി ലഭിച്ചെങ്കിലും ബസുകളുടെ ബോഡിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പതിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.

അനധികൃത എൽ.ഇ.ഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിറം സംബന്ധിച്ച ഇളവ് ലഭിക്കുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നതാണ് കോടതിയുടെ നിലപാട്.

മറുപടി രേഖപ്പെടുത്തുക