സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ ബ്ലഡ് മണി തട്ടിയ സംഭവത്തിൽ ആരോപണ വിധേയനായ തൊഴിലുടമ എൻ.കെ സൂരജിനെതിരേ എൻഐഎക്ക് ഗുരുതര പരാതി. വിദേശത്തു നിന്ന് രാജ്യവിരുദ്ധ ഫണ്ട് ശേഖരിക്കലും കള്ളപ്പണം വെളുപ്പിക്കലുമടക്കം നിരവധി കാരണങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രവാസി വ്യവസായിയായ കണ്ണൂർ സ്വദേശി ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകിയിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് വില്ലാസ് കോൺട്രാക്ടർ കമ്പനിയുടെ സിഇഒയും ഫൗണ്ടർ ചെയർമാനുമായ കണ്ണൂർ അഴീക്കോട് സ്വദേശി സൂരജ് പനയിൽ ദേശവിരുദ്ധ ഫണ്ടിംഗ് നടത്തുന്നുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ വിഭാഗത്തെ ഉപയോഗിച്ച് സൂരജിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണമെന്ന് പരാതിയിൽ പറയുന്നു. വിദേശ പണമിടപാടുകൾ, ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കൽ, ദേശവിരുദ്ധ ശക്തികളിൽ നിന്ന് പണം കൈപ്പറ്റൽ തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമികാന്വേഷണം നടത്തണം. യുഎപിഎയുടെ പരിധിയിൽ വരുന്ന ഇടപാടുകൾ സൂരജ് നടത്തുന്നുണ്ടെന്ന സൂചനയാണ് പരാതിയിലുള്ളത്.
അന്താരാഷ്ട്ര സ്പോൺസർഷിപ്പ് രൂപത്തിൽ ദേശവിരുദ്ധ ശക്തികളിൽ നിന്ന് സ്വീകരിക്കുന്ന പണം ഇന്ത്യയിലേക്ക് കടത്തൽ, ഹവാലക്കടത്ത്, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള ഇടപാടുകൾ എന്നിവ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.
എൻഐഎയുടെ തന്ത്രപ്രധാന അന്വേഷണ സംവിധാനമുപയോഗിച്ച് സൂരജിന്റെ ഫിനാൻഷ്യൽ ഇക്കോസിസ്റ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.
കമ്പനിയുടെ പ്രമോട്ടർമാർ, എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവരുടെ ഇടപാടുകൾ സംബന്ധിച്ചും സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ ബാങ്ക് ഇടപാടുകൾ സമഗ്രമായി അന്വേഷിച്ചാൽ പല അട്ടിമറികളും പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്.
