ബിസ്ലേരി കുടിവെള്ളത്തിൽ സുരക്ഷാ പരിശോധനാ വിവാദം; ആരോപണങ്ങൾ പഴയ ബാച്ചിനെക്കുറിച്ചെന്ന് കമ്പനി, ഉൽപ്പന്നങ്ങൾ സുരക്ഷിതമെന്ന് വിശദീകരണം

പാക്കേജ്ഡ് കുടിവെള്ള സാമ്പിളുകൾ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയ സംഭവത്തിൽ വിശദീകരണവുമായി ബിസ്ലേരി ഇന്റർനാഷണൽ. നിലവിൽ വിപണിയിലുള്ള തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ഉപഭോഗത്തിന് പൂർണമായും സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കി. വിവാദം ഏകദേശം 14 മാസം മുമ്പ് ഉൽപ്പാദിപ്പിച്ച ഒരു പ്രത്യേക ബാച്ചുമായി ബന്ധപ്പെട്ടതാണെന്നും ബിസ്ലേരി അറിയിച്ചു.

2025 സെപ്റ്റംബറിൽ ഗോവയിലെ നിർമാണശാലയിൽ ഉൽപ്പാദിപ്പിച്ച ഒരു ബാച്ചിലെ കുടിവെള്ള സാമ്പിളുകളാണ് പരിശോധനാ വിവാദത്തിന് കാരണമായത്. രാജ്യത്തുടനീളമുള്ള 143 നിർമാണശാലകളിൽ ഒന്നാണ് ഗോവയിലേത്. അന്ന് അധികൃതർ ശേഖരിച്ച ആറ് സാമ്പിളുകളിൽ അഞ്ചെണ്ണം എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും ഒരു സാമ്പിളിൽ മാത്രമാണ് ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിയേക്കാൾ നേരിയ തോതിൽ കൂടുതലായി കണ്ടെത്തിയതെന്നും കമ്പനി വിശദീകരിച്ചു. അനുവദനീയമായ 10 മൈക്രോഗ്രാമിനെതിരെ 12 മൈക്രോഗ്രാമായിരുന്നു കണ്ടെത്തിയതെന്നും ബിസ്ലേരി വ്യക്തമാക്കി.

എന്നാൽ, ബിസ്ലേരി പാക്കേജ്ഡ് കുടിവെള്ളത്തിന്റെ റഫറൽ ലബോറട്ടറി പരിശോധനയിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ ബ്രോമേറ്റും അപകടകരമായ പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയെന്നാണ് FSSAI അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2006ലെ ഭക്ഷ്യസുരക്ഷാ, നിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുകയായിരുന്നു.

അതേസമയം, സ്വതന്ത്ര ലബോറട്ടറികളിൽ നടത്തിയ തുടർപരിശോധനകളിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് തെളിഞ്ഞതായും ഇതുസംബന്ധിച്ച പരിശോധനാ റിപ്പോർട്ടുകൾ നേരത്തെ തന്നെ അധികൃതർക്ക് കൈമാറിയിരുന്നുവെന്നും ബിസ്ലേരി അവകാശപ്പെട്ടു. പ്രോസിക്യൂഷൻ നടപടികളുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

കുടിവെള്ളത്തിന്റെ സുരക്ഷയ്ക്കാണ് പരമപ്രധാനമായ പരിഗണന നൽകുന്നതെന്നും 10 ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രക്രിയയിൽ 90ലധികം കർശന ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും ബിസ്ലേരി അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, നിലവിൽ വിപണിയിലുള്ള ബിസ്ലേരി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ FSSAI ഉത്തരവിട്ടിട്ടില്ല. പഴയ ഉൽപ്പാദന ബാച്ചുമായി ബന്ധപ്പെട്ട പരിശോധനാ കണ്ടെത്തലുകളാണ് നിലവിലെ വിവാദത്തിന് ആധാരമെന്നാണ് കമ്പനിയുടെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക