പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് കെ.കെ. രാഗേഷ്. കൊലപാതകത്തിൽ പങ്കില്ലെന്ന ആർഎസ്എസ് വാദം ഇതോടെ പൊളിഞ്ഞെന്നും കോടതി വിധി ആർഎസ്എസ് ക്രിമിനലുകൾക്കുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിലെ മറ്റ് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. ഒന്നാം സാക്ഷി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനാലാണ് കോടതി മൊഴി അംഗീകരിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഒന്നാം പ്രതി രാമന്തളി സ്വദേശി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. നാല് മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കുള്ള ശിക്ഷ നവംബർ 24ന് കോടതി പ്രഖ്യാപിക്കും.
