പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഒരു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. അതേസമയം, അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ച കോടതി ശ്രീജിത്തിന് ജാമ്യവും അനുവദിച്ചു.
2022 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിന് സമീപം 14ഉം ഒൻപതും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.
കറുത്ത കാറിലെത്തിയ ഒരാൾ അപമര്യാദയായി പെരുമാറിയെന്ന കുട്ടികളുടെ മൊഴിയുടെയും സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തൃശൂർ വെസ്റ്റ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
കേസിൽ 21 സാക്ഷികളെ കോടതി വിസ്തരിച്ചു. വിചാരണയ്ക്ക് ശേഷമാണ് ശ്രീജിത്ത് രവിക്ക് തടവും പിഴയും വിധിച്ചത്.
