ചൈനയുടെ കൈപിടിച്ച് പാകിസ്ഥാൻ ബഹിരാകാശത്തേക്ക്; ആദ്യ മനുഷ്യ ദൗത്യം ഉടൻ

ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പാകിസ്ഥാൻ. ചൈനയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ദൗത്യത്തിൽ ഒരു പാകിസ്ഥാൻ ബഹിരാകാശയാത്രികൻ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെത്തും. ചൈനയുടെ ഷെൻഷോ-24 ദൗത്യത്തിന്റെ ഭാഗമായാണ് ചരിത്രനേട്ടത്തിനുള്ള പാകിസ്ഥാന്റെ തയ്യാറെടുപ്പ്.

ചൈനയിലെ ഗോബി മരുഭൂമിയിലുള്ള ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ ദൗത്യത്തിന്റെ പൂർണതോതിലുള്ള പരിശീലനങ്ങളും റിഹേഴ്സലുകളും വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണ തീയതി ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദൗത്യം ഉടൻ നടക്കുമെന്നാണ് സൂചന.

ദൗത്യത്തിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ആസൂത്രണ മന്ത്രി അഹ്‌സാൻ ഇഖ്ബാൽ ചൈനയിലെത്തി. പാകിസ്ഥാന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഈ ദൗത്യം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ സൈന്യത്തിലെ പൈലറ്റുമാരായ മുഹമ്മദ് സീഷൻ അലി, ഖുറം ദാവൂദ് എന്നിവരാണ് ദൗത്യത്തിനായി ചൈനയിൽ പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ ഒരാളായിരിക്കും ബഹിരാകാശയാത്രികനായി യാത്ര തിരിക്കുക.

ചൈനയുടെ ലോങ് മാർച്ച്-2F റോക്കറ്റിലായിരിക്കും വിക്ഷേപണം. ടിയാൻഗോങ് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശയാത്രികൻ എന്ന നേട്ടവും ഇതിലൂടെ പാകിസ്ഥാൻ സ്വന്തമാക്കും. പേലോഡ് സ്പെഷ്യലിസ്റ്റായി ഏകദേശം ഒരാഴ്ച നിലയത്തിൽ ചെലവഴിക്കുന്ന അദ്ദേഹം വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിൽ പങ്കാളിയാകും. തുടർന്ന് നിലവിൽ നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ള ഷെൻഷോ-23 പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും.

നേരത്തെ പാകിസ്ഥാനിൽ നിന്നുള്ള നമീറ സലീം ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായി ഉപഭ്രമണപഥ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സർക്കാർ പങ്കാളിത്തത്തോടെ ഭ്രമണപഥത്തിലെത്തുന്ന പാകിസ്ഥാന്റെ ആദ്യ ഔദ്യോഗിക മനുഷ്യ ബഹിരാകാശ ദൗത്യമെന്ന പ്രത്യേകതയാണ് പുതിയ നീക്കത്തിനുള്ളത്.

മറുപടി രേഖപ്പെടുത്തുക