കോൺഗ്രസ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ നീക്കവുമായി കെ.സി. വേണുഗോപാൽ വിഭാഗം. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ എന്നിവരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രചാരണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനാണ് നീക്കം. നേതാക്കളെ ലക്ഷ്യമിട്ട് ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത ഭിന്നതയ്ക്കു ശേഷമാണ് സൈബർ പ്രചാരണങ്ങൾ ശക്തമായതെന്നാണ് കെ.സി. അനുകൂലികളുടെ ആരോപണം. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, ജെബി മേത്തർ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന സൈബർ ഹാൻഡിലുകളിൽനിന്നാണ് ആക്രമണമെന്നാണ് ഇവരുടെ ആരോപണം.
ഇതിന് അതേ രീതിയിൽ തിരിച്ചടി നൽകാനാണ് കെ.സി. പക്ഷത്തിന്റെ നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതൽ കെ.സി. വേണുഗോപാലിനെയും ജെബി മേത്തറിനെയും പിന്തുണച്ചുള്ള പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.
അതിനിടെ, സൈബർ ആക്രമണങ്ങളെ അപലപിച്ച് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും രാഷ്ട്രീയ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന നേതാവാണ് മണക്കാട് സുരേഷ്. കോൺഗ്രസിലെ ആഭ്യന്തര തർക്കം സാമൂഹികമാധ്യമങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്.
