ഹിജാബില്ലാതെ കച്ചേരി നടത്തി; ഇറാനിയൻ ഗായികയ്ക്കും ബാൻഡ് അംഗങ്ങൾക്കും 74 ചാട്ടവാറടി ശിക്ഷ

ഇറാനിൽ ഹിജാബ് ധരിക്കാതെ സംഗീത പരിപാടി അവതരിപ്പിച്ചതിന് പ്രശസ്ത ഗായിക ഫർഷാദ് അഹ്മദിക്കും ബാൻഡിലെ നാല് അംഗങ്ങൾക്കും 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. നവംബർ 23നാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശിക്ഷയ്ക്ക് പുറമെ ഇവർക്ക് രണ്ടുവർഷത്തേക്ക് വിദേശയാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

2024 ഡിസംബറിൽ ഇറാനിലെ ഖോം നഗരത്തിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. ഗായിക ഫർഷാദ് അഹ്മദിയും സംഘവും ഹിജാബ് ധരിക്കാതെയാണ് പരിപാടി അവതരിപ്പിച്ചത്. സദസ്സിൽ കാണികൾ ഉണ്ടായിരുന്നില്ലെങ്കിലും പരിപാടിയുടെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചതോടെ സംഭവം ഇറാൻ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അധികൃതർ കേസെടുക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇറാനിയൻ കോടതി ഗായികയെയും ബാൻഡിലെ നാല് പുരുഷ സംഗീതജ്ഞരെയും കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. 74 ചാട്ടവാറടിക്ക് പുറമെ രണ്ടുവർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും വിലക്കേർപ്പെടുത്തി. സംഗീതം, കല എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2022ൽ ഹിജാബ് നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിഷേധങ്ങൾ ശക്തമായിരുന്നു. രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ഇത്. അതിനുപിന്നാലെയും സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനും കലാപ്രകടനങ്ങൾക്കുമെതിരായ ഇറാൻ ഭരണകൂടത്തിന്റെ കടുത്ത നിലപാടാണ് പുതിയ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്.

മറുപടി രേഖപ്പെടുത്തുക