പയ്യന്നൂർ ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് പ്രതികൾക്ക് അഞ്ച് വർഷവും നാല് മാസവും തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ പൂർത്തിയാക്കിയ ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
2026 നവംബർ 23നാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്. കേസിലെ മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.
ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷാവിധിയിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
