ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും പാർലമെന്റിലും കോടതികളിലും മാത്രം ഒതുങ്ങാതെ ഓരോ പൗരന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിവിധ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ‘ഭരണഘടനയെ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത’ എന്ന പ്രത്യേക ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഭരണഘടനാ ശിൽപികളായ ഡോ. ബി.ആർ. അംബേദ്കറിനും ഡോ. രാജേന്ദ്ര പ്രസാദിനും ആദരാഞ്ജലികൾ അർപ്പിച്ച മോദി, സാധാരണ കുടുംബത്തിൽ ജനിച്ച ഒരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയുന്നത് ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ സവിശേഷതയാണെന്നും ചൂണ്ടിക്കാട്ടി.
സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുകയെന്ന ഭരണഘടനയുടെ കാഴ്ചപ്പാടാണ് തന്റെ സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് അടിസ്ഥാനമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള 101-ാം ഭരണഘടനാ ഭേദഗതി, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ 102-ാം ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കിയ 103-ാം ഭേദഗതി എന്നിവ തന്റെ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രധാന ഭരണഘടനാ പരിഷ്കാരങ്ങളായി മോദി എടുത്തുപറഞ്ഞു.
മുൻ സർക്കാരുകളുടെ ഭരണഘടനാ സമീപനങ്ങളെയും ലേഖനത്തിൽ പ്രധാനമന്ത്രി വിമർശിച്ചു. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിനായി ഒരു രാഷ്ട്രീയ പാർട്ടി നൂറോളം തവണ ആർട്ടിക്കിൾ 356 ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ തെറ്റ് തിരുത്തിയ നടപടിയാണെന്നും മോദി വിശേഷിപ്പിച്ചു.
പ്രധാന പ്രതിപക്ഷ പാർട്ടിയെ വിമർശിച്ച പ്രധാനമന്ത്രി, ‘വിരോധ് പക്ഷ്’ (പ്രതിപക്ഷം) എന്ന നിലയിൽനിന്ന് ‘അവരോധ് പക്ഷ്’ (തടസ്സങ്ങളുടെ പക്ഷം) എന്ന നിലയിലേക്ക് അവർ മാറിയെന്നും ആരോപിച്ചു.
2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ‘ആശയമായി ഇന്ത്യ ആദ്യം, പ്രയോഗമായി കർത്തവ്യം’ എന്ന രണ്ട് തത്വങ്ങൾ പിന്തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ദേശീയ പുരോഗതിക്കായി ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി.
