ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിക്കണമെന്ന നിർദേശം പാരമ്പര്യത്തിന് വിരുദ്ധവും പ്രായോഗികമല്ലാത്തതുമാണെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി വി.എൽ. വിനോദ്. ഇരുമ്പ് അടുപ്പുകൾ വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചിരുന്നെങ്കിലും ട്രസ്റ്റ് അത് നിരസിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ചുടുകട്ട ഉപയോഗിച്ച് അടുപ്പൊരുക്കി മൺകലങ്ങളിൽ പൊങ്കാല അർപ്പിക്കാനാണ് ഭക്തർക്ക് താൽപര്യമെന്ന് വിനോദ് പറഞ്ഞു. നിലവിൽ 50 രൂപയോളം വിലയുള്ള ചുടുകട്ടയ്ക്ക് പകരം ഇരുമ്പ് അടുപ്പ് ഉപയോഗിച്ചാൽ ചെലവ് 150 രൂപയോളമായി ഉയരും. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന ചുടുകട്ടകൾ പാവപ്പെട്ടവരുടെ വീടുനിർമാണത്തിനായി നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പൊങ്കാല അടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ക്ഷേത്രതന്ത്രിയും ട്രസ്റ്റുമാണെന്നും കോർപ്പറേഷൻ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അവലോകനയോഗത്തിൽ പൊതുവായി ഉയർന്നുവന്ന അഭിപ്രായം മാത്രമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. അടുപ്പിൽ മാറ്റം വരുത്താൻ നഗരസഭയ്ക്ക് ഉദ്ദേശ്യമില്ലെന്നും മേയർ വിശദീകരിച്ചു.
