വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ നിലപാട് വ്യക്തമാക്കി നടി നിത്യ മേനോൻ. വിവാഹമെന്ന സ്ഥാപനത്തോട് തനിക്ക് എതിർപ്പില്ലെന്നും ജീവിതത്തിൽ ശരിയായ പങ്കാളിയെ കണ്ടെത്തിയാൽ തീർച്ചയായും വിവാഹം കഴിക്കുമെന്നും താരം പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും നിത്യ മനസുതുറന്നത്.
തന്റെ വാക്കുകൾ പലരും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് നിത്യ പറഞ്ഞു. വിവാഹം കഴിക്കില്ലെന്ന് പറഞ്ഞതിനെ വിവാഹത്തിന് എതിരാണെന്ന നിലയിലാണ് ചിലർ മനസിലാക്കിയത്. എന്നാൽ അത്തരമൊരു നിലപാട് തനിക്കില്ലെന്നും വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.
വിവാഹം കഴിക്കുക എന്നതുമാത്രമല്ല തന്റെ ലക്ഷ്യം. തന്നെ മനസിലാക്കുകയും സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഒരാളുമായി നല്ലൊരു ബന്ധം പുലർത്താനാണ് ആഗ്രഹമെന്നും നിത്യ പറഞ്ഞു. അത്തരമൊരു പങ്കാളിയെ കണ്ടെത്തിയാൽ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ. അല്ലാത്തപക്ഷം വിവാഹം കഴിക്കാതെ തുടരാനും മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
