ധൻരാജ് വധക്കേസ്: അന്വേഷണത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി എൽഡിഎഫ് സർക്കാരല്ലെന്ന് എം.വി. ഗോവിന്ദൻ

സി.വി. ധൻരാജ് വധക്കേസിൽ അന്വേഷണത്തിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിനല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണകൂടത്തിനാണ് വീഴ്ച സംഭവിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കേസിൽ ഭൂരിഭാഗം പ്രതികളും കുറ്റവിമുക്തരായതോടെ പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. കോടതി വിധിയിലുള്ള അതൃപ്തി ധൻരാജിന്റെ കുടുംബവും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

2016 ജൂലൈ 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ 2025ൽ നടന്ന വിചാരണയ്ക്കൊടുവിൽ പതിനാറ് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതും കേസ് നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി പാർട്ടി അണികൾക്കിടയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്.

കോടതി വിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം വ്യക്തമാക്കുമ്പോഴും പ്രതികൾ കുറ്റവിമുക്തരായതിൽ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ധൻരാജിന്റെ വീട്ടിലെത്തിയ എം.വി. ഗോവിന്ദനെ കുടുംബം ഇക്കാര്യം നേരിട്ട് അറിയിച്ചു.

കേസിലെ ഒന്നാം സാക്ഷിയായ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിയുടെ നിരീക്ഷണം അംഗീകരിക്കാനാകില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ഈ വാദം ഉയർത്തി കേസുമായി ബന്ധപ്പെട്ട വിമർശനങ്ങളെ പ്രതിരോധിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.

മറുപടി രേഖപ്പെടുത്തുക