മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. നവംബർ 26നകം കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. വർഷങ്ങളായി കേസ് നീണ്ടുപോകുന്നതിൽ നേരത്തെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികൾ പൊതുകാര്യാലയങ്ങൾ കൈകാര്യം ചെയ്യുന്നവരല്ലാത്തതിനാൽ അനുമതി ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ അനുമതി നിർബന്ധമാണെന്ന നിലപാടിലായിരുന്നു ഹർജിക്കാർ.

ഹൈക്കോടതിയുടെ ഉത്തരവോടെ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം കാരണം നടപടികൾ വൈകിയിരുന്ന മറ്റ് കേസുകളിലും മുന്നോട്ടുപോകാൻ വഴിയൊരുങ്ങി. കുറ്റപത്രം തയ്യാറായിട്ടും അനുമതിയിലെ തർക്കം കാരണം കോടതിയിൽ സമർപ്പിക്കാൻ കഴിയാതിരുന്ന എട്ടോളം കേസുകളിലും ഇനി തുടർനടപടികൾ സ്വീകരിക്കാനാകും. ഇതോടെ വിചാരണ നടപടികൾ ആരംഭിക്കുന്നതിനുള്ള തടസവും നീങ്ങിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക