ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നടപടികളും ഉണ്ടാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടിയുമായി വളരെ ചെറിയ പ്രായം മുതൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെയും കുടുംബത്തെയും വേദനിപ്പിക്കാൻ നമ്മുടെ ചിന്താഗതിയുള്ള ആരും തയ്യാറാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ നിലവിലെ തർക്കങ്ങൾക്കെല്ലാം പരിഹാരമുണ്ടാകുമെന്നും തിരുവഞ്ചൂർ പ്രത്യാശ പ്രകടിപ്പിച്ചു.
സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിവസം കെപിസിസി അച്ചടക്കസമിതിയിൽനിന്ന് രാജിവച്ചിരുന്നു. പാർട്ടിയിൽ നേരത്തെയും പല പ്രശ്നങ്ങളും ശാന്തമായി പരിഹരിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തർക്കങ്ങൾക്കും നല്ലൊരു പര്യവസാനമുണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അഭിപ്രായസ്വാതന്ത്ര്യമുള്ളതിനാൽ പരസ്യപ്രസ്താവനകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇവിടെ പരിഹരിക്കേണ്ട വിഷയങ്ങൾ ഇവിടെത്തന്നെയും ഡൽഹിയിൽ പരിഹരിക്കേണ്ടവ അവിടെയും തീർക്കും. അഭിപ്രായങ്ങൾ പറയേണ്ടത് ഉചിതമായ വേദികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണെന്നും ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് സഹായകരമായ നിലപാട് എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
