ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ചരിത്രനേട്ടവുമായി ടിവിഎസ് മോട്ടോർ കമ്പനി. ജനപ്രിയ സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്റെ ഉത്പാദനം ഒരു കോടി യൂണിറ്റ് പിന്നിട്ടു. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ പ്ലാന്റിൽ നിന്നാണ് ഒരു കോടി തികയ്ക്കുന്ന സ്കൂട്ടർ പുറത്തിറക്കിയത്.
2013ൽ ഇന്ത്യൻ വിപണിയിലെത്തിയ ജൂപ്പിറ്റർ വെറും 13 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും കുറഞ്ഞ കാലയളവിൽ ഒരു കോടി യൂണിറ്റ് ഉത്പാദനം പിന്നിടുന്ന രാജ്യത്തെ ആദ്യ സ്കൂട്ടർ ബ്രാൻഡാണ് ജൂപ്പിറ്ററെന്ന് കമ്പനി അവകാശപ്പെട്ടു. ആദ്യത്തെ 50 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ഒമ്പത് വർഷമെടുത്തപ്പോൾ, തുടർന്നുള്ള 50 ലക്ഷം യൂണിറ്റുകൾ വെറും നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കി. ഹോണ്ട ആക്ടിവയുമായി മത്സരിച്ച് ഇന്ത്യയിലെ പ്രധാന സ്കൂട്ടർ ബ്രാൻഡുകളിലൊന്നായി ടിവിഎസ് വളർന്നതിൽ ജൂപ്പിറ്ററിന് നിർണായക പങ്കുണ്ട്.
110 സിസി, 125 സിസി എൻജിൻ വകഭേദങ്ങളിലാണ് ജൂപ്പിറ്റർ വിപണിയിലെത്തുന്നത്. ജൂപ്പിറ്റർ 110ൽ 113.3 സിസി എൻജിനും ജൂപ്പിറ്റർ 125ൽ 124.8 സിസി ഐഗോ അസിസ്റ്റ് എൻജിനുമാണ് നൽകിയിരിക്കുന്നത്. രണ്ട് മോഡലുകളിലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ്, 5.1 ലിറ്റർ ഇന്ധന ടാങ്ക്, 163 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുണ്ട്. മുൻവശത്തെ ഇന്ധനം നിറയ്ക്കൽ സംവിധാനം, രണ്ട് ഹെൽമെറ്റുകൾ സൂക്ഷിക്കാനുള്ള സ്ഥലം, സ്മാർട്ട് കണക്ട് തുടങ്ങിയ സൗകര്യങ്ങളും സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.
വിപണിയിൽ ജൂപ്പിറ്റർ 110ന്റെ എക്സ്-ഷോറൂം വില 76,200 രൂപ മുതൽ 92,225 രൂപ വരെയാണ്. ജൂപ്പിറ്റർ 125ന്റെ വില 88,580 രൂപ മുതൽ 96,765 രൂപ വരെയും.
