വിവാഹത്തിനും മാതൃത്വത്തിനും ശേഷം നടിമാർ അഭിനയരംഗത്തേക്ക് തിരിച്ചുവരില്ലെന്ന മുൻധാരണയ്ക്കെതിരെ പ്രതികരിച്ച് നടി മിയ ജോർജ്. വിവാഹം കഴിഞ്ഞ് കുട്ടികളായാൽ നടിമാർ സിനിമയിൽനിന്ന് മാറിനിൽക്കുമെന്ന് മറ്റുള്ളവർ മുൻകൂട്ടി തീരുമാനിക്കുന്ന പ്രവണത ശരിയല്ലെന്ന് താരം പറഞ്ഞു.
ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്നും തനിക്ക് വേണ്ടി മറ്റുള്ളവർ തീരുമാനമെടുക്കേണ്ടതില്ലെന്നും മിയ വ്യക്തമാക്കി. വിവാഹത്തിനും മാതൃത്വത്തിനും ശേഷം മറ്റ് തൊഴിൽ മേഖലകളിലുള്ളവർ ജോലിയിൽ തിരിച്ചെത്തുന്നതിൽ ആരും ചോദ്യം ഉന്നയിക്കാറില്ലെന്നും എന്നാൽ നടിമാരുടെ കാര്യത്തിൽ മാത്രം വ്യത്യസ്തമായ സമീപനമാണെന്നും താരം ചൂണ്ടിക്കാട്ടി.
അഭിനയരംഗത്ത് സജീവമായി തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സിനിമയിൽ പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മിയ പറഞ്ഞു. പുതിയ ചിത്രമായ കോസ്മിക് സാംസണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
