ടാറ്റ സൺസിൽ വീണ്ടും അധികാരപ്പോര്; ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ കോടതിയിൽ

ടാറ്റ സൺസിലെ നേതൃത്വ തർക്കം വീണ്ടും രൂക്ഷമാകുന്നു. എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ ചെയർമാനായി വീണ്ടും നിയമിച്ച തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിയമനം റദ്ദാക്കണമെന്നും 65 കോടി രൂപ നഷ്ടപരിഹാരവും 18 ശതമാനം പലിശയും നൽകണമെന്നുമാണ് ട്രസ്റ്റുകളുടെ ആവശ്യം.

സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും രത്തൻ ടാറ്റ ട്രസ്റ്റും നവംബർ 25ന് ഇതുസംബന്ധിച്ച പ്രമേയങ്ങൾ പാസാക്കിയതായാണ് റിപ്പോർട്ട്. 2027 ഫെബ്രുവരി 21 മുതൽ അഞ്ച് വർഷത്തേക്ക് ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാൻ സെപ്റ്റംബർ 17ന് ടാറ്റ സൺസ് ബോർഡ് എടുത്ത തീരുമാനം അസാധുവാണെന്നാണ് ട്രസ്റ്റുകളുടെ വാദം.

ടാറ്റ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ ആർട്ടിക്കിൾ 121 പ്രകാരം പ്രധാന ബോർഡ് തീരുമാനങ്ങൾക്ക് ടാറ്റ ട്രസ്റ്റുകൾ നാമനിർദേശം ചെയ്ത ഭൂരിപക്ഷം ഡയറക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ ചന്ദ്രശേഖരന്റെ പുനർനിയമനത്തിൽ ഈ വ്യവസ്ഥ പാലിച്ചില്ലെന്നാണ് ആരോപണം.

ബോർഡ് യോഗത്തിൽ ട്രസ്റ്റ് പ്രതിനിധിയായ നോയൽ ടാറ്റ പുനർനിയമനത്തെ എതിർത്തപ്പോൾ വേണു ശ്രീനിവാസൻ അനുകൂലിച്ചു. തുടർന്ന് യോഗാധ്യക്ഷനായ സ്വതന്ത്ര ഡയറക്ടർ ഹരീഷ് മൻവാനി കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തി പ്രമേയം പാസാക്കുകയായിരുന്നു. ഈ വോട്ടിന് ആർട്ടിക്കിൾ 121 മറികടക്കാനാകില്ലെന്നാണ് ട്രസ്റ്റുകളുടെ നിലപാട്.

നഷ്ടപരിഹാരമായി സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് 50 കോടി രൂപയും രത്തൻ ടാറ്റ ട്രസ്റ്റ് 15 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനടപടിയോടെ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയിലെ നേതൃത്വ പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക