2026 അവസാനത്തോടെ ധാരണയിലെത്തിയില്ലെങ്കിൽ ബജറ്റ് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് മാക്രോൺ; യൂറോപ്യൻ യൂണിയനിൽ പ്രതിസന്ധി

യൂറോപ്യൻ യൂണിയന്റെ ദീർഘകാല ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ 2026 അവസാനത്തോടെ അംഗരാജ്യങ്ങൾ ധാരണയിലെത്തിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രസൽസിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പ്രത്യേക ഉച്ചകോടിക്ക് മുന്നോടിയായാണ് ഫ്രാൻസിന്റെ ശക്തമായ നിലപാട്. 2028 മുതൽ 2034 വരെയുള്ള കാലയളവിലേക്കായി യൂറോപ്യൻ കമ്മീഷൻ മുന്നോട്ടുവെച്ച രണ്ട് ട്രില്യൺ യൂറോയുടെ ചെലവുപദ്ധതിയാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

ഈ വർഷം ആദ്യം മുതൽ 27 അംഗരാജ്യങ്ങൾ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ പൊതുധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം രാജ്യങ്ങളും നിലവിലെ നിർദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അടുത്തിടെ മുന്നോട്ടുവെച്ച പുതിയ നിർദേശത്തിൽ 204 ബില്യൺ യൂറോയുടെ ചെലവ് വെട്ടിക്കുറയ്ക്കാനും ഡിജിറ്റൽ കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്താനും വ്യവസ്ഥയുണ്ട്.

ബജറ്റുമായി ബന്ധപ്പെട്ട ഈ വർഷത്തെ അവസാന യൂറോപ്യൻ കൗൺസിൽ യോഗം ഡിസംബറിൽ നടക്കാനിരിക്കെയാണ് മാക്രോണിന്റെ നിലപാട് പുറത്തുവന്നത്. ഡിസംബറിന് ശേഷവും ചർച്ചകൾ തുടരാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് ബുധനാഴ്ച വ്യക്തമാക്കി. നിലവിലെ നിർദേശം അസന്തുലിതമായ രീതിയിൽ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫ്രഞ്ച് പ്രസിഡന്റ് വിമർശിച്ചു.

രണ്ട് തവണ പ്രസിഡന്റ് പദവിയിലിരുന്ന മാക്രോൺ അടുത്ത വസന്തകാലത്ത് സ്ഥാനമൊഴിയാനിരിക്കുകയാണ്. 2027ൽ ചർച്ചകൾ തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം മറ്റ് യൂറോപ്യൻ നേതാക്കളെ അറിയിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുന്നിലുള്ള വലതുപക്ഷ നേതാവ് മറീൻ ലെ പെന്നും ബജറ്റ് ചർച്ചകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. താൻ അധികാരത്തിലെത്തുന്നതിന് മുമ്പ് ബജറ്റ് അംഗീകരിക്കാനായി മാക്രോണും യൂറോപ്യൻ യൂണിയൻ നേതൃത്വവും ചർച്ചകൾ തിടുക്കത്തിലാക്കുകയാണെന്നാണ് ലെ പെന്നിന്റെ ആരോപണം. അടുത്ത വർഷം മേയിൽ ഫ്രാൻസിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ബജറ്റ് പാസാക്കാനുള്ള നീക്കം ജനാധിപത്യപരമായ തീരുമാനങ്ങളെ തടയാനുള്ള ശ്രമമാണെന്നും അവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യൂറോപ്യൻ യൂണിയനിലേക്കുള്ള ഫ്രാൻസിന്റെ സാമ്പത്തിക സംഭാവന ഗണ്യമായി കുറയ്ക്കുമെന്നും യൂറോപ്യൻ കമ്മീഷനിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും യൂണിയന്റെ കൂടുതൽ വിപുലീകരണത്തെ എതിർക്കുമെന്നും ലെ പെൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ നിലപാടും ബജറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. റഷ്യയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്‌നുള്ള സാമ്പത്തിക സഹായം എല്ലാ അംഗരാജ്യങ്ങളും വർധിപ്പിക്കാൻ സമ്മതിച്ചില്ലെങ്കിൽ ബജറ്റ് നിർദേശത്തിന് വീറ്റോ അധികാരം പ്രയോഗിക്കുമെന്നാണ് മെർസിന്റെ മുന്നറിയിപ്പ്.

2027 വരെ യുക്രെയ്‌നുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി 45 ബില്യൺ യൂറോയുടെ അധിക വായ്പ അനുവദിക്കുന്നതിനെ സ്ലൊവാക്യ, ഹംഗറി, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ എതിർക്കുകയാണ്. ജർമൻ ചാൻസലറുടെ നടപടി വ്യക്തമായ ബ്ലാക്ക്‌മെയിലാണെന്ന് സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ വിമർശിച്ചു.

അതിനിടെ, ബജറ്റ് ചർച്ചകൾ യൂറോപ്യൻ യൂണിയനിലെ പ്രതിസന്ധിയുടെ സൂചനയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചു. ആരോഗ്യരംഗം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകൾക്കായി പണം ചെലവഴിക്കുന്നതിന് പകരം യുദ്ധത്തിനും ഭീകരവാദത്തിനും ധനസഹായം നൽകുന്നതിനെക്കുറിച്ചാണ് ബ്രസൽസിലെ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നതെന്നും അവർ ആരോപിച്ചു.

ബ്രസൽസിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയുണ്ടാകാൻ സാധ്യതയില്ലെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തൽ. ഉച്ചകോടി പരാജയപ്പെടുന്നതിനുള്ള സാഹചര്യം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ടെന്ന് ഒരു യൂറോപ്യൻ യൂണിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഫ്രാൻസ് 24നോട് പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക