ഷാഫി പറമ്പിൽ തനിക്ക് ഇരയല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും കേരളത്തിലെ ജനങ്ങൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പരാമർശത്തിൽ ഷാഫി അസ്വസ്ഥനാകേണ്ട കാര്യമില്ലെന്നും പ്രമുഖ മാധ്യമത്തോട് ഉണ്ണിത്താൻ പ്രതികരിച്ചു.
ഇക്കാര്യത്തിൽ ഷാഫി ആത്മപരിശോധന നടത്തട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരെ ഇത്രയധികം കാര്യങ്ങൾ ചെയ്തിട്ടും വീണ്ടും തന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അരി തിന്നതും പോരാ, ആശാരിച്ചിയെ കടിച്ചതും പോരാ, പിന്നെയും നായക്ക് മുറുമുറുപ്പ് എന്നതുപോലെയാണ് കാര്യങ്ങളെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാവേറല്ലെന്നും ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളാണ് സതീശന്റെ ചാവേറുകളെന്നും മുഖ്യമന്ത്രിക്ക് അതിന്റെ ആവശ്യമില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിസഭാ ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രഹസ്യസ്വഭാവമുള്ള മന്ത്രിസഭാ തീരുമാനം പുറത്തുപറഞ്ഞയാളെ കണ്ടെത്തണം. അത്തരമൊരാൾ തുടർന്നും മന്ത്രിസഭയിൽ ഉണ്ടാകാൻ പാടില്ല. കാബിനറ്റ് വിവരങ്ങൾ പുറത്തുവിടുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിലവിലെ സംവിധാനത്തിന്റെ പോക്ക് അപകടകരമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
