തെലങ്കാനയിലെ അദിലാബാദിൽ ബന്ധുവുമായുള്ള പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 19കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹനിശ്ചയത്തിന് തലേദിവസമാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ് കൈലാസ് അഡെയാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു.
അമ്മാവന്റെ മകനുമായി പ്രണയത്തിലാണെന്ന് കല്യാണി വീട്ടുകാരെ അറിയിച്ചതോടെയാണ് കുടുംബത്തിൽ തർക്കമുണ്ടായത്. നവംബർ 25ന് മറ്റൊരു യുവാവുമായി കല്യാണിയുടെ വിവാഹനിശ്ചയം നിശ്ചയിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തിന് താൽപര്യമില്ലെന്ന് അറിയിച്ച് നവംബർ 23ന് യുവതി തന്റെ പ്രണയബന്ധത്തെക്കുറിച്ച് മാതാപിതാക്കളോട് തുറന്നുപറഞ്ഞു.
തുടർന്ന് പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും സ്കാർഫ് ഉപയോഗിച്ച് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കല്യാണി ആത്മഹത്യ ചെയ്തതാണെന്ന് ഇയാൾ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.
മരണത്തിന് പിന്നാലെ കുടുംബം തിടുക്കത്തിൽ അന്ത്യകർമങ്ങൾ നടത്തിയത് സംശയത്തിനിടയാക്കി. ഗ്രാമവാസികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ്, ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചതായി അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർ അന്വേഷണം നടത്തിവരികയാണ്.
