കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാൽ കെപിസിസിക്ക് കത്തയച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ-മെയിൽ വഴി കത്ത് നൽകിയിട്ടുണ്ട്. മുൻ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് ചോദിക്കുന്നതായും തനിക്ക് തെറ്റുപറ്റിയതാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 19നാണ് ബിജെപി വിട്ടതായി പത്മജ പ്രഖ്യാപിച്ചത്. ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പത്മജയുടെ കോൺഗ്രസ് തിരിച്ചുവരവിനെതിരെ യുവനേതാക്കളടക്കം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
അതേസമയം, ബിജെപി വിട്ട മറ്റൊരു നേതാവായ പത്മിനി തോമസും കോൺഗ്രസിൽ തിരിച്ചെത്താനുള്ള നീക്കത്തിലാണ്. തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയ അവർ കോൺഗ്രസ് പ്രവേശനം ആവശ്യപ്പെട്ട് കത്തും നൽകി. ബിജെപിയിൽ ചേർന്നത് എടുത്തുചാട്ടമായിപ്പോയെന്നും സ്വന്തം കുടുംബമായ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്നും പത്മിനി തോമസ് പ്രതികരിച്ചു.
