തിരുവനന്തപുരം വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം; പെട്ടെന്ന് സാധ്യമല്ലെന്ന് ശശി തരൂർ

തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പുതിയ പ്രശ്നമല്ലെന്നും ശാശ്വത പരിഹാരത്തിന് ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും ശശി തരൂർ എംപി. നഗരത്തിലെ നിരവധി സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. വർഷങ്ങൾ നീളുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയും നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ചെറിയ വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ശ്രദ്ധ സംസ്ഥാനത്തിന്റെ വികസനത്തിലും മാറ്റങ്ങളിലുമാണെന്നും മറ്റ് വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ വലിയ വെല്ലുവിളിയാണെന്നും അതിൽ ശ്രദ്ധിക്കുന്നതിന് പകരം മാധ്യമങ്ങൾ വിവാദങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിലും തരൂർ പ്രതികരിച്ചു. എല്ലാവർക്കും ജോലി ലഭിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും തസ്തികകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക