2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പരോക്ഷ മറുപടിയുമായി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാവർക്കും അറിയാമെന്നും ബിജെപി താമര ചിഹ്നത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കാൾ വലുതാണ് ബിജെപിയുടെ താമര ചിഹ്നമെന്നും പാർട്ടിയിലെ എല്ലാവരും അതേ ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും യോഗി വ്യക്തമാക്കി. എൻഡിഎ വിവിധ ദിശകളിലേക്ക് പോകുന്ന പാർട്ടികളുടെ കൂട്ടമല്ലെന്നും ഒരുമിച്ചിരുന്ന് തീരുമാനങ്ങളെടുക്കുന്ന ഒരു ടീമാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സമാജ്വാദി പാർട്ടിയെയും കോൺഗ്രസിനെയും യോഗി പരിഹസിച്ചു. രാഷ്ട്രീയത്തിൽ പരസ്പരം ഏറ്റുമുട്ടേണ്ടത് നേർക്കുനേർ നിന്നായിരിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വവും പാർലമെന്ററി ബോർഡും ചേർന്നായിരിക്കും തീരുമാനമെടുക്കുകയെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
