സ്കൂളുകൾക്ക് സമീപം ജങ്ക് ഫുഡിന് വിലക്ക്; മഹാരാഷ്ട്രയുടെ കർശന നടപടി

വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിലും സമീപ പ്രദേശങ്ങളിലുമായി ജങ്ക് ഫുഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് കോടിയിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന പുതിയ ഉത്തരവ് പ്രകാരം, സ്കൂൾ പരിസരത്തും സ്കൂളുകളിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിലും ജങ്ക് ഫുഡ്, അമിത പഞ്ചസാരയുള്ള ഉൽപ്പന്നങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവയുടെ വിൽപ്പന നിരോധിച്ചു.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറത്തിറക്കിയ നിർദേശമനുസരിച്ച്, സ്കൂൾ കാന്റീനുകൾ നടത്താൻ ഇനി നിർബന്ധമായും ലൈസൻസ് നേടണം. ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, പ്രചാരണം, സൗജന്യ വിതരണം എന്നിവയ്ക്കും വിലക്കേർപ്പെടുത്തി.

വട പാവ്, ഐസ്ക്രീം, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങളും പാനീയങ്ങളും സ്കൂൾ പരിസരത്ത് അനുവദിക്കില്ല. സർക്കാർ, സ്വകാര്യ ബോർഡുകളിലെ എല്ലാ സ്കൂളുകൾക്കും പുതിയ നിയമങ്ങൾ ബാധകമാണ്.

നിയമങ്ങളുടെ പാലനം ഉറപ്പാക്കാൻ എഫ്ഡിഎ ഉദ്യോഗസ്ഥർ ഓരോ സ്കൂളിലും വർഷത്തിൽ രണ്ടുതവണ പരിശോധന നടത്തും. ചട്ടങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ അഫിലിയേഷൻ റദ്ദാക്കാൻ വരെ ശുപാർശ ചെയ്യാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണെന്നും, അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്താൻ സ്കൂൾ അധികൃതരും രക്ഷിതാക്കളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എഫ്ഡിഎ കമ്മീഷണർ രാജേഷ് നർവേക്കർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക