ബാർ ലൈസൻസ് വിവാദം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സമസ്ത മുഖപത്രം ‘സിറാജ്’; സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമോ?

സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് ലൈസൻസ് നൽകുന്നത് അധികാരലംഘനമാണെന്ന് പത്രം ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്തെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത്തരം നടപടികൾ ഉണ്ടായതെന്നും സംസ്ഥാനത്ത് നടക്കുന്നത് ‘ഉദ്യോഗസ്ഥ ഭരണമാണോ’ എന്നും മുഖപ്രസംഗം ചോദിക്കുന്നു.

സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ പുതിയ ബാറുകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും അതുവരെ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരുടെ നടപടിയിൽ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. മദ്യനയം വരുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന നിർദേശം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം. ലിജുവും മുന്നറിയിപ്പ് നൽകിയിരുന്നു.

എറണാകുളത്ത് രണ്ട് ബിയർ പാർലറുകൾക്കും കോട്ടയത്ത് ഒന്നിനും വിദേശമദ്യ ലൈസൻസ് നൽകിയതിന് പിന്നാലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാരുടെ ലോഞ്ചിൽ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ചത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡിന്റെ അപേക്ഷയിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവു ജൂൺ 22നാണ് എഫ്.എൽ-7 ലൈസൻസുകൾ അനുവദിച്ചത്. പിന്നീട് ബാലാജി കാറ്റേഴ്സ് നൽകിയ അപേക്ഷ സർക്കാർ തലത്തിലെത്തിയെങ്കിലും പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ നടപടിയെടുക്കരുതെന്ന് നിർദേശം നൽകുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രി ചെയർമാനായ സിയാൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നും പൊതുജനങ്ങൾക്കുള്ള ബാറുകളല്ല ഇവയെന്നും ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണർ നടപടിയെ ന്യായീകരിച്ചു. എന്നാൽ, ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. പുതിയ മദ്യനയം വരുന്നതുവരെ കാത്തിരിക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നത് സർക്കാരിനെയും എക്സൈസ് വകുപ്പിനെയും വീണ്ടും പ്രതിരോധത്തിലാക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക