സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി. കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ വിശദീകരണത്തിനെതിരെയാണ് മെഹബൂബയുടെ പ്രതികരണം.
ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നവരും വിഘടനവാദികൾക്കൊപ്പം നിൽക്കുന്നവരും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുമാണ് പ്രധാനമന്ത്രി പരാമർശിച്ച ‘മാനസിക നക്സലുകൾ’ എന്ന വിഭാഗത്തിൽപ്പെടുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച മെഹബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്തരിച്ച മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദും ഒരുമിച്ചുള്ള പഴയ ചിത്രം പങ്കുവെച്ചു. “ഞാൻ ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നു. അതിനാൽ ഞാനും ഒരു ‘ദിമാഗി നക്സൽ’ ആണ്,” എന്നായിരുന്നു മെഹബൂബയുടെ പരിഹാസപരമായ കുറിപ്പ്.
കേന്ദ്ര സർക്കാരിന്റെ ജമ്മു കശ്മീർ നയത്തെയും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെയും എതിർക്കുന്ന നിലപാട് മെഹബൂബ മുഫ്തി വീണ്ടും ആവർത്തിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ‘ദിമാഗി നക്സൽ’ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
