നേപ്പാളിലും ഐഐടി ക്യാമ്പസ് സ്ഥാപിക്കാൻ ഇന്ത്യ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ഓഫ്‌ഷോർ ക്യാമ്പസ് നേപ്പാളിലും സ്ഥാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുശേഷമുള്ള സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

നേപ്പാളിലെ വിദ്യാർഥികൾക്ക് ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഐഐടി ക്യാമ്പസിന് പുറമെ നേപ്പാളിലെ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇൻകുബേറ്ററും ഇന്നൊവേഷൻ ഹബ്ബും സ്ഥാപിക്കാനും ഇന്ത്യ സഹായിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കുമായി കാർഷിക-വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സ്റ്റാർട്ടപ്പ് സഹകരണത്തിന് നേരത്തേയും തുടക്കമിട്ടിരുന്നു. ഐഐടി മദ്രാസും അതിന്റെ ഇൻകുബേഷൻ സെന്ററായ പ്രവതക്കും ചേർന്ന് ആരംഭിച്ച ഇന്ത്യ-നേപ്പാൾ സ്റ്റാർട്ടപ്പ് പങ്കാളിത്ത ശൃംഖലയുടെ ഭാഗമായി 250 അപേക്ഷകളിൽനിന്ന് 24 നേപ്പാളി സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തിരുന്നു. ഇവയ്ക്ക് പരിശീലനവും മാർഗനിർദേശവും നൽകിയിരുന്നു. പുതിയ ഇന്നൊവേഷൻ ഹബ് ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളിലും സഹകരണം വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെത്തുന്ന നേപ്പാളി വിദ്യാർഥികൾക്കുള്ള അവസരങ്ങളും സ്കോളർഷിപ്പുകളും വർധിപ്പിക്കും. നിയമം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പഠനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗവേഷണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.

മറുപടി രേഖപ്പെടുത്തുക