ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശത്തിന് പിന്നാലെ ഉണ്ണിത്താന് പിന്തുണയുമായി ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടി വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും പരസ്യമായി തങ്ങളുടെ കുടുംബത്തെ പ്രതിരോധിച്ച വ്യക്തിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പലതവണ സിപിഐഎം രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ചിട്ടുണ്ട്. മറ്റുള്ളവരും അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ടാകാം. ഓരോരുത്തരും എന്തെല്ലാം ചെയ്തുവെന്ന് അവരവരുടെ മനസാക്ഷിക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തങ്ങളെ ആക്രമിച്ചവരോട് പോലും ക്ഷമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയുടെ അവസാന നാളുകളിൽ ചിലർ സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചുവെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. എന്നാൽ അത്തരത്തിൽ പ്രവർത്തിച്ചത് ഷാഫി പറമ്പിലാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ആരൊക്കെയാണ് അത്തരത്തിൽ പെരുമാറിയതെന്ന് വരുംകാലങ്ങളിൽ പുറത്തുവരുമെന്നും ഷാഫി പറമ്പിലിന്റെ പേര് പരാമർശിക്കാതെ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
സോളാർ വിവാദത്തിന്റെ കാലത്ത് നേതാക്കൾ ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ചുപോയിട്ടില്ലെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സമയത്താണ് ചിലർ അകന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ അസുഖാവസ്ഥയും മരണവും തനിക്കെതിരെ തിരിച്ചുവിടാൻ ചിലർ ശ്രമിച്ചുവെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
