പ്രണയത്തിലാകുന്നതും വേർപിരിയലിൽ നിന്ന് കരകയറുന്നതും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്: മീനാക്ഷി ചൗധരി

പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി തെലുങ്ക് നടി മീനാക്ഷി ചൗധരി. നാഗചൈതന്യ നായകനാകുന്ന പുതിയ ചിത്രം ‘വൃഷകർമ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള മീനാക്ഷിയുടെ പരാമർശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യം, ഇപ്പോൾ ആരോടെങ്കിലും പ്രണയമുണ്ടോ എന്നായിരുന്നു. ഒട്ടും മടിക്കാതെ തമാശരൂപേണയായിരുന്നു മീനാക്ഷിയുടെ മറുപടി. “എനിക്ക് ആരോടും പ്രണയമില്ല. വാസ്തവത്തിൽ എന്റെ ജീവിതം തകർന്നിരിക്കുകയാണ്” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. തുടർച്ചയായ സിനിമാ തിരക്കുകളും ഷൂട്ടിങ്ങും പ്രമോഷൻ പരിപാടികളും കാരണം വ്യക്തിജീവിതത്തിനായി സമയം കണ്ടെത്താൻ കഴിയുന്നില്ലെന്നും താരം തമാശയായി വിശദീകരിച്ചു.

പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള മറ്റൊരു ചോദ്യത്തിനും മീനാക്ഷി രസകരമായ മറുപടി നൽകി. “പ്രണയത്തിലാകുന്നതും വേർപിരിയലിൽ നിന്ന് കരകയറുന്നതും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

‘ലക്കി ഭാസ്‌കർ’, ‘സംക്രാന്തിക്കി യാലാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മീനാക്ഷി ചൗധരി ഇപ്പോൾ സിനിമാ തിരക്കുകളിലാണ്. കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്യുന്ന ‘വൃഷകർമ’ ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ്. ശ്രീ വെങ്കിടേശ്വര സിനി ചിത്രയും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഡിസംബർ നാലിന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നവംബർ 25ന് നെല്ലൂരിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഗംഭീരമായി പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക