യുപിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; 26 സീറ്റുകൾ മാത്രം നൽകാമെന്ന് സമാജ്‌വാദി പാർട്ടി

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചകൾക്കിടെ കോൺഗ്രസിന് തിരിച്ചടിയായി സമാജ്‌വാദി പാർട്ടിയുടെ നിലപാട്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസിന് 26 സീറ്റുകൾ മാത്രം നൽകാമെന്നാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്‌പിയുടെ നിർദേശം. രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകൾക്ക് മുന്നോടിയായി ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ എസ്‌പി എംപി രാജീവ് റായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ 26 സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തുടർന്നുള്ള യോഗങ്ങളിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകളാണ് കോൺഗ്രസ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എസ്‌പിയുടെ എതിർപ്പിനെത്തുടർന്ന് നിലപാടിൽ മാറ്റം വരുത്തിയ കോൺഗ്രസ്, തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ 100 മുതൽ 120 വരെ സീറ്റുകളുടെ പട്ടികയാണ് മുന്നോട്ടുവെച്ചത്. നേരത്തെയുള്ള ആവശ്യത്തിൽനിന്ന് ഗണ്യമായ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറായെങ്കിലും 26 സീറ്റുകളിൽ ഒതുക്കാനുള്ള എസ്‌പിയുടെ നിർദേശം പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനവും രാഹുൽ ഗാന്ധിയുടെ ദേശീയതലത്തിലുള്ള സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് കൂടുതൽ സീറ്റുകൾ വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ സീറ്റുകളുടെ എണ്ണത്തേക്കാൾ ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്ന് എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം, പാർട്ടികളുടെ സ്വാധീനം, വോട്ടർമാരുടെ നിലപാട് എന്നിവ പരിഗണിച്ചായിരിക്കും സീറ്റ് വിഭജനമെന്നാണ് എസ്‌പിയുടെ നിലപാട്.

ഇതിനിടെ, ഇരുപാർട്ടികളുടെയും ശക്തികേന്ദ്രങ്ങളിൽ പരസ്പര പിന്തുണ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലും എസ്‌പിയുടെ സ്വാധീനമേഖലകളായ മെയിൻപുരി, ഇറ്റാവ എന്നിവിടങ്ങളിലും പരസ്പര ധാരണയുണ്ടാക്കാനുള്ള നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.

ഡൽഹിയിൽ കോൺഗ്രസ് രാജ്യസഭാ എംപി പ്രമോദ് തിവാരിയുടെ വസതിയിൽ നടന്ന ആദ്യഘട്ട ചർച്ച വെറും 20 മിനിറ്റിനുള്ളിലാണ് അവസാനിച്ചത്. രണ്ടാംഘട്ട ചർച്ചകൾ നടക്കാനിരിക്കെ സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികളും എത്രത്തോളം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും എസ്‌പിയും തമ്മിലുള്ള സീറ്റ് തർക്കം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ

മറുപടി രേഖപ്പെടുത്തുക