ആറ്റുകാൽ പൊങ്കാലയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചുടുകല്ലടുപ്പുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്ക് ശേഷം ചുടുകല്ലടുപ്പുകൾ നീക്കം ചെയ്യുന്നതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ചുടുകല്ലടുപ്പുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നാണ് തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നിർദേശം.
ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കാനാണ് കോർപ്പറേഷന്റെ ലക്ഷ്യം. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പൊങ്കാല സമയത്തെ പുകയും പൊടിയും കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പൊങ്കാലയ്ക്ക് ശേഷമുണ്ടാകുന്ന മാലിന്യപ്രശ്നത്തിനും വലിയൊരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നു.
സ്ഥിരം അടുപ്പുകളിലേക്കുള്ള മാറ്റത്തിന് സംഘാടകരും സഹകരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.
