സ്കോട്ട്ലൻഡിന്റെ പാലസ്തീൻ അനുകൂല മന്ത്രി ജോൺ സ്വിന്നിക്കെതിരായി നടന്നതായി ആരോപിക്കപ്പെടുന്ന ഓൺലൈൻ അപകീർത്തി പ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ ബ്രിട്ടീഷ് സർക്കാർ വിസമ്മതിച്ചു. ഇസ്രായേൽ ആസ്ഥാനമായുള്ളതായി കരുതപ്പെടുന്ന ‘ബ്ലാക്ക്‌കോർ’ എന്ന സ്വകാര്യ ഇൻഫർമേഷൻ വാർഫെയർ സ്ഥാപനമാണ് പ്രചാരണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ വിജിനം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഫ്രാൻസിലെയും സ്കോട്ട്ലൻഡിലെയും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ബ്ലാക്ക്‌കോർ നൂറുകണക്കിന് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചു. പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിച്ച ജോൺ സ്വിന്നിയെ ലക്ഷ്യമിട്ട് അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷകൾ ബ്രിട്ടീഷ് സർക്കാർ തള്ളുകയായിരുന്നു. വിവരങ്ങൾ പുറത്തുവിട്ടാൽ ബ്രിട്ടനും മറ്റൊരു രാജ്യവും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കാമെന്നും അന്താരാഷ്ട്ര പങ്കാളികളുടെ വിശ്വാസത്തെ ബാധിക്കാമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
അതേസമയം, ബ്ലാക്ക്‌കോർ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് ചില മാധ്യമ അന്വേഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇസ്രായേൽ സർക്കാർ നേരിട്ട് ഉണ്ടായിരുന്നുവെന്നതിന് ഇതുവരെ ഔദ്യോഗിക തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.
ബ്ലാക്ക്‌കോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി ഫ്രാൻസ് ഇസ്രായേൽ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
