നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി ക്യാംപസുകളിൽ ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തെരുവിൽ വലിച്ചിഴച്ചതും, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ ബലപ്രയോഗം നടത്തിയതുമാണ് ബന്ദിന് കാരണമെന്ന് കെഎസ്‌യു വ്യക്തമാക്കി.
ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന വിദ്യാർഥി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സമരമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.
