അടിമത്തത്തെ നിയമവിധേയമാക്കിയ 1685-ലെ ലൂയി പതിനാലാമൻ; റദ്ദാക്കാൻ ഫ്രാൻസിന്റെ ദേശീയ അസംബ്ലി വോട്ട് ചെയ്യുന്നത് 2026ൽ

കഴിഞ്ഞ മേയ് 28-ന് ഫ്രാൻസിന്റെ ദേശീയ അസംബ്ലിയിൽ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങളായിരുന്നു. ഫ്രാൻസിന്റെ പഴയ കോളനികളിലുടനീളം അടിമത്തത്തെ നിയമവിധേയമാക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്ത, 1685-ലെ ലൂയി പതിനാലാമൻ രാജാവിന്റെ കുപ്രസിദ്ധമായ രാജകീയ ഉത്തരവ് ‘കോഡ് നോയർ’ റദ്ദാക്കാൻ ഫ്രഞ്ച് ജനപ്രതിനിധികൾ ഏകകണ്ഠമായി വോട്ട് ചെയ്തു.

സഭയിൽ പ്രസംഗിച്ച പലരുടെയും കണ്ണുകൾ നിറഞ്ഞു. എന്നാൽ, സത്തയില്ലാത്ത ഇത്തരം പ്രതീകാത്മകതകൾ വെറുമൊരു സ്മാരക നാടകത്തിനപ്പുറം മറ്റൊന്നുമാകുന്നില്ല എന്ന വിമർശനവും ഉണ്ട് . ഫ്രാൻസ് ഒരിക്കലും വീട്ടീതീർത്തിട്ടില്ലാത്ത ഒരു വലിയ ചരിത്രപരമായ കടപ്പാടുണ്ട്, അത് പരിഹരിക്കാൻ ഒരു ഏകകണ്ഠമായ വോട്ടിന് മാത്രമായി സാധിക്കില്ല.

സഭയിലുണ്ടായിരുന്ന 254 ഡെപ്യൂട്ടികളും ചേർന്ന് റദ്ദാക്കിയത്, മനുഷ്യരെ വാങ്ങാനും വിൽക്കാനും പാരമ്പര്യമായി കൈമാറാനും മൃഗീയമായി അംഗഭംഗം വരുത്താനും അനുവാദം നൽകിയിരുന്ന, അവരെ വെറും ‘ചലിക്കുന്ന വസ്തുക്കളുടെ’ പദവിയിലേക്ക് ചുരുക്കിയ ഒരു കറുത്ത നിയമത്തെയാണ്. ഫ്രഞ്ച് രാഷ്ട്രീയം അപൂർവ്വമായി മാത്രം കാണുന്ന ഒന്നായിരുന്നു ആ ഏകകണ്ഠമായ വോട്ട്. എന്നാൽ ആ ഐക്യം, എല്ലാറ്റിനുമുപരിയായി തുടർന്നുണ്ടാകുന്ന ശൂന്യതയെ മറയ്ക്കാൻ മാത്രമാണ് സഹായിച്ചത്.

വസ്തുത പരിശോധിച്ചാൽ, 1848-ൽ ഫ്രാൻസിൽ അടിമത്തം പൂർണ്ണമായി നിർത്തലാക്കിയതിനുശേഷം ഈ രേഖയ്ക്ക് യാതൊരുവിധ നിയമപരമായ ശക്തിയും ഉണ്ടായിരുന്നില്ല. അതായത്, 2026-ൽ ഇത് റദ്ദാക്കുക എന്നതിനർത്ഥം ഫ്രഞ്ച് നിയമപുസ്തകങ്ങളിൽ അവശേഷിച്ചിരുന്ന ഒരു ‘നിയമപരമായ എഴുത്തുകൾ ‘ നീക്കം ചെയ്യുക എന്ന് മാത്രമാണ്. പ്രതീകാത്മകമായി ഇത് അത്യാവശ്യമായിരുന്നു എന്നതിൽ സംശയമില്ല.

ഫ്രഞ്ച് നിയമത്തിൽ ഈ രാജകീയ ശാസനങ്ങളുടെ സാന്നിധ്യം നിലനിൽക്കുന്നത് “ഒരുതരം കുറ്റകൃത്യമാണ്” എന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്നെ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ ഒരു വലിയ ചരിത്ര നീതിയായി അവതരിപ്പിക്കപ്പെട്ട ഈ വോട്ട്, യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണ്. ഫ്രാൻസ് ഇവിടെ തങ്ങളുടെ പഴയ തെറ്റുകൾ തിരുത്തുകയോ നഷ്ടപരിഹാരം നൽകുകയോ അല്ല ചെയ്തത്, പകരം നിയമപുസ്തകത്തിലെ ഒരു വരി വാചകം ഇല്ലാതാക്കുക മാത്രമാണ്.

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കൗതുകകരമായ ഒരു വിരോധാഭാസമുണ്ട്; ഈ ചർച്ച പാർലമെന്റിൽ നടക്കുമ്പോൾ, കോഡ് നോയർ തയ്യാറാക്കാൻ ലൂയി പതിനാലാമൻ രാജാവിനെ സഹായിച്ച അന്നത്തെ മന്ത്രി ജീൻ-ബാപ്റ്റിസ്റ്റ് കോൾബെർട്ടിന്റെ മാർബിൾ പ്രതിമയ്ക്ക് തൊട്ടടുത്തായിരുന്നു ഡെപ്യൂട്ടികൾ നിന്നിരുന്നത്. ആ പ്രതിമ ഇന്നും അവിടെനിന്ന് മാറ്റിസ്ഥാപിക്കപ്പെട്ടിട്ടില്ല.

മുൻപ് 2001-ൽ, അറ്റ്ലാന്റിക് സമുദ്രത്തിലെ അടിമക്കച്ചവടവും അടിമത്തവും ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’ ആയി ഫ്രാൻസിലെ തൗബിറ നിയമം അംഗീകരിച്ചിരുന്നു. വർഷങ്ങളോളം നീണ്ട കടുത്ത രാഷ്ട്രീയ പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി നേടിയെടുത്ത ഒരു നാഴികക്കല്ലായ നേട്ടമായിരുന്നു അത്. എന്നാൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും ആ അംഗീകാരത്തിൽ ഇന്ന് എന്താണ് ബാക്കിയുള്ളത്? മേയ് 10-ലെ ചില വാർഷിക അനുസ്മരണങ്ങളും രാഷ്ട്രപതിയുടെ വികാരാധീനമായ പ്രസംഗങ്ങളും മാത്രമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരെ നാടുകടത്താനും പീഡിപ്പിക്കാനും നേതൃത്വം നൽകിയ ക്രൂരന്മാരുടെ പേരിൽ തന്നെയാണ് ഇന്നും ഫ്രാൻസിലെ തെരുവുകളും സ്കൂളുകളും പൊതു കെട്ടിടങ്ങളും അറിയപ്പെടുന്നത്.

ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അസഹനീയമായ വിരോധാഭാസം ഇതാണ്. അത് ഒരു വശത്ത് ചരിത്രത്തിലെ കറുത്ത കുറ്റകൃത്യങ്ങളെ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാന രേഖകൾ റദ്ദാക്കാൻ വോട്ട് ചെയ്യുകയും ചെയ്യുന്നു. എന്നാൽ അതേ ശ്വാസത്തിൽ തന്നെ, ആ മനുഷ്യത്വരഹിതമായ സംവിധാനം രൂപകൽപ്പന ചെയ്ത പഴയ ഭരണാധികാരികളെയും വംശീയവാദികളെയും ദേശീയ ഹീറോകളായി ബഹുമാനിക്കുന്നത് രാജ്യം ഇപ്പോഴും തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക