സൗദി അറേബ്യയും തുർക്കിയുമായി ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ സഖ്യം’ പൂർണമായും പ്രതിരോധ ലക്ഷ്യത്തോടെയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. സഖ്യത്തിന് പ്രാദേശിക മേധാവിത്വ ലക്ഷ്യങ്ങളില്ലെന്നും ആക്രമണ നടപടികൾക്കായല്ല സഖ്യം രൂപീകരിച്ചതെന്നും പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
ഒരു വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് സഖ്യത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. ഓഗസ്റ്റ് ഏഴിന് കരാർ ഒപ്പുവെച്ചതായും ഏതെങ്കിലും അംഗരാജ്യത്തിനെതിരായ ആക്രമണം മറ്റ് രണ്ട് അംഗരാജ്യങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കുന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
‘കൂട്ടായ പ്രതിരോധമാണ് സഖ്യത്തിന്റെ ലക്ഷ്യം. ആക്രമണ സ്വഭാവമുള്ള വ്യവസ്ഥകളൊന്നുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കരാർ പ്രകാരം ആദ്യ മൂന്ന് വർഷത്തേക്ക് സഖ്യത്തിന്റെ സെക്രട്ടേറിയറ്റിന് പാകിസ്ഥാൻ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾക്കെതിരെ ഹൂത്തി മാതൃകയിലുള്ള ആക്രമണം ഉണ്ടായാൽ പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന്, സൈനിക നടപടികളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മൂന്ന് രാജ്യങ്ങളിലെയും ഉന്നത നേതൃത്വം ചേർന്നാകും ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് വിശാലമായ ഇസ്ലാമിക സൈനിക സഖ്യത്തിന്റെ തുടക്കമാണെന്ന വിലയിരുത്തലും പാകിസ്ഥാൻ സൈനിക വക്താവ് തള്ളി. ചൈനയുമായുള്ള പാകിസ്ഥാന്റെ തന്ത്രപരമായ ബന്ധങ്ങൾക്ക് ബദലായോ മത്സരമായോ കരാറിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ പാകിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥ പങ്കിനെയും പുതിയ പ്രതിരോധ കരാർ ബാധിക്കില്ലെന്ന് അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി.
