നികുതി, മറ്റ് നിയമങ്ങൾ (ഭേദഗതി) ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ യുപിഐ ഇടപാടുകൾക്ക് നികുതിയോ അധിക ചാർജോ വരുമെന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . യുപിഐ ഉപയോക്താക്കൾക്ക് യാതൊരു നികുതിയും ഇടപാട് ഫീസും ചുമത്തുന്നില്ലെന്ന് അവർ രാജ്യസഭയിൽ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ലോക്‌സഭ പാസാക്കിയ ബിൽ തിങ്കളാഴ്ച രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. ബില്ലിലെ വ്യവസ്ഥകൾ യുപിഐ ഇടപാടുകളിൽ ഉടൻ എംഡിആർ ചുമത്തുന്നതല്ലെന്നും, ഇത് ഒരു പ്രാപ്തമാക്കൽ വ്യവസ്ഥ മാത്രമാണെന്നും ധനമന്ത്രി വിശദീകരിച്ചു.
പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം, യുപിഐ സംവിധാനത്തിന്റെ നടത്തിപ്പുകാരായ എൻ പി സി ഐ യുടെ സ്റ്റിയറിംഗ് കമ്മിറ്റി എംഡിആർ ചട്ടക്കൂട് വേണമോ എന്നത് ഭാവിയിൽ പരിഗണിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. നിലവിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്, ധനകാര്യ മന്ത്രാലയം ഇതിനുമുമ്പ് തന്നെ വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾ തുടർന്നും സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ എംഡിആർ നടപ്പിലാക്കിയാലും, അത് എല്ലാ ഇടപാടുകൾക്കും ബാധകമാകില്ലെന്നും ഉയർന്ന മൂല്യമുള്ള ചില വ്യാപാര ഇടപാടുകൾക്ക് മാത്രമായിരിക്കുമെന്നും സർക്കാർ അറിയിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലെ എംഡിആറിനേക്കാൾ വളരെ കുറഞ്ഞ നിരക്കായിരിക്കും ഇതെന്നും വ്യക്തമാക്കി.
ദൈനംദിന ആവശ്യങ്ങൾക്കായുള്ള പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ തുടങ്ങിയ വാങ്ങലുകൾ ഉൾപ്പെടെ 90 ശതമാനത്തിലധികം യുപിഐ ഇടപാടുകളും യാതൊരു ചാർജും കൂടാതെ തുടരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2016-ൽ ആരംഭിച്ച യുപിഐ സംവിധാനം 2020 ജനുവരി മുതൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും സൗജന്യമായി ലഭ്യമാണെന്നും, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തത്സമയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായി അത് വളർന്നതായും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.
