ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതിയിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ജോഷിയുടെയും അനുമതിയില്ലാതെ ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണമാണ് ഹർജിക്കാർ ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഒരു മാധ്യമ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ വിശദീകരണം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു-അംഗ ഭരണഘടനാ സ്ഥാപനമാണെന്നും തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായത്തോടെയോ ആയിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരമല്ലാത്ത തീരുമാനമാണ് കമ്മീഷൻ എടുത്തതെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വോട്ടർപട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) സംബന്ധിച്ച തീരുമാനങ്ങളിലും ഉത്തരവുകളിലും ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന മാധ്യമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഹർജികൾ. വിഷയത്തിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി നിർദേശിച്ചതായാണ് റിപ്പോർട്ട്.

എന്താണ് ഹർജിയിലെ ആരോപണം?

പട്‌ന സ്വദേശി രാകേഷ് കുമാർ സിംഗും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയും സമർപ്പിച്ച ഹർജികളിലാണ് ഗ്യാനേഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ തീരുമാനങ്ങളും മാർഗനിർദേശങ്ങളും സോഫ്റ്റ്‌വെയർ മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ടോ എന്നാണ് ഹർജിയിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായി കൂട്ടായി ലഭിച്ച അധികാരങ്ങൾ ഗ്യാനേഷ് കുമാർ വ്യക്തിപരമായി വിനിയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജി പരിഗണിക്കുന്ന കാലയളവിൽ ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏകകണ്ഠമായ തീരുമാനപ്രകാരം കമ്മീഷന്റെ പ്രവർത്തനങ്ങൾ നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് കമ്മീഷന്റെ വിശദീകരണം. കമ്മീഷന്റെ ഉത്തരവുകൾക്ക് പൂർണമായ നിയമപരമായ അംഗീകാരമുണ്ടെന്നും സ്ഥാപിതമായ നിയമനടപടികൾ പാലിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക