ഹൂത്തികൾക്കെതിരെ സൗദിയുടെ വൻ സൈനിക നീക്കം; ഒരു ലക്ഷത്തിലേറെ യെമൻ സൈനികരെ അണിനിരത്താൻ ശ്രമം

ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഹൂത്തി വിമതർ നേടിയ മുന്നേറ്റം തിരിച്ചുപിടിക്കാൻ യെമനിൽ വൻ സൈനിക ആക്രമണത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗൾഫ്, യെമൻ ഉദ്യോഗസ്ഥരെയും പാശ്ചാത്യ നയതന്ത്രജ്ഞരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓപ്പറേഷന്റെ വ്യാപ്തിക്ക് അനുസരിച്ച് ഒരു ലക്ഷത്തിലേറെ യെമൻ സർക്കാർ സൈനികരെ ആക്രമണത്തിനായി അണിനിരത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്. റിയാദിന്റെ മേൽനോട്ടത്തിലായിരിക്കും സൈനിക നീക്കം. സൗദി വ്യോമാക്രമണങ്ങളുടെ പിന്തുണയും ലഭിക്കും. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സൗദിക്ക് രഹസ്യാന്വേഷണ വിവരങ്ങളും മറ്റ് പിന്തുണകളും നൽകുന്നുണ്ടെങ്കിലും നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ഹൂത്തികൾ പിടിച്ചെടുത്ത ബാബ് അൽ-മന്ദബ് മേഖല തിരിച്ചുപിടിക്കുകയാണ് സൗദിയുടെ പ്രധാന ലക്ഷ്യം. ഇതിനായി രണ്ട് സാധ്യതകളാണ് റിയാദ് പരിഗണിക്കുന്നതെന്നാണ് വിവരം. കടലിടുക്കിന് ചുറ്റുമുള്ള തീരപ്രദേശം കേന്ദ്രീകരിച്ചുള്ള പരിമിതമായ ആക്രമണമാണ് ആദ്യ ഓപ്ഷൻ. അൽ-ബൈദ, മാരിബ്, തായിസ്, അൽ-ജൗഫ് തുടങ്ങിയ മേഖലകളിൽ ഒരേസമയം ആക്രമണം നടത്തുന്നതാണ് രണ്ടാമത്തെ സാധ്യത.

ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നാണ്. ഹൂത്തികൾ മോഖ തുറമുഖവും പെരിം ദ്വീപും ഉൾപ്പെടെയുള്ള മേഖലകളിൽ നിയന്ത്രണം ശക്തമാക്കിയതോടെ കടലിടുക്കിലെ അവരുടെ സ്വാധീനം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

2015ലാണ് അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിനെ പിന്തുണച്ച് സൗദി അറേബ്യ യെമനിൽ സൈനിക ഇടപെടൽ ആരംഭിച്ചത്. 2022ലെ യുഎൻ മധ്യസ്ഥതയിലുള്ള വെടിനിർത്തലിനെ തുടർന്ന് വലിയ തോതിലുള്ള പോരാട്ടങ്ങൾ കുറഞ്ഞിരുന്നെങ്കിലും ഈ വർഷം ഹൂത്തികളും സൗദി പിന്തുണയുള്ള സേനകളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി.

ഇതിനിടെ, സൗദി സൈന്യം നിയന്ത്രണത്തിലുള്ള യെമൻ മേഖലകളിൽ ആക്രമണം ശക്തമാക്കിയതായി ഹൂത്തികൾ ആരോപിച്ചു. സൗദി ആക്രമണങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും ഹൂത്തികൾ ആരോപിക്കുന്നുണ്ട്. അതേസമയം, സൗദി ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ ഹൂത്തികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 3ന് റിയാദിലെ സൗദി അരാംകോ കേന്ദ്രത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടിരുന്നു; സൗദി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യെമനിലെ പുതിയ സൈനിക നീക്കം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാനുള്ള സാധ്യതയും ഉയർത്തുന്നുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ സാഹചര്യത്തിൽ ബാബ് അൽ-മന്ദബിന്റെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചതാണ് സൗദിയുടെ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് റിപ്പോർട്ട്. അതേസമയം, ആക്രമണം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക