മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ അഴിമതി ആരോപണങ്ങളിൽ ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് ഡയറക്ടറോട് പരാതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
2006ൽ ഗ്യാനേഷ് കുമാർ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന സമയത്തെ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. ലോകബാങ്ക് സഹായത്തോടെ എം.സി. റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട പദ്ധതിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.
പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനിയിലെ പ്രോജക്ട് എൻജിനീയറായിരുന്ന ലീ സീ ബീൻ നിരവധി പരാതികൾ ഉന്നയിച്ചിരുന്നതായും പിന്നീട് മലേഷ്യയിൽ ആത്മഹത്യ ചെയ്തതായും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ രണ്ട് ആത്മഹത്യാക്കുറിപ്പുകളിൽ ഒന്നിൽ ഗ്യാനേഷ് കുമാറിനെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് അന്നും വിജിലൻസ് പരിശോധന നടന്നിരുന്നെങ്കിലും സർക്കാർ മാറിയതോടെ തുടർനടപടികൾ മുന്നോട്ടുപോയില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം. പിന്നീട് ഗ്യാനേഷ് കുമാറിനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാത്രമല്ല, ഒരു പ്രോജക്ട് എൻജിനീയർ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കേണ്ടതുണ്ടെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നാണ് റിപ്പോർട്ട്. പഴയ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും പരിശോധിച്ച ശേഷമാണ് വിജിലൻസ് പുനരന്വേഷണത്തിന് നീക്കം നടത്തുന്നത്.
