സംസ്ഥാനത്ത് രാത്രികാല തണുപ്പ് ശക്തമാകുന്നു; കുണ്ടളയിൽ താപനില 7.9 ഡിഗ്രി

വടക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് രാത്രികാല തണുപ്പ് വർധിക്കുന്നു. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിൽനിന്നുള്ള തണുത്ത കാറ്റും തുലാവർഷം ദുർബലമായതോടെ ആകാശം തെളിഞ്ഞതുമാണ് താപനില കുറയാൻ പ്രധാന കാരണങ്ങളെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

പകൽ ഭൂമിയിൽ ശേഖരിക്കപ്പെടുന്ന ചൂട് രാത്രിയിൽ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടുന്നതാണ് തണുപ്പ് കൂടാൻ ഇടയാക്കുന്നത്. ഇടുക്കിയിലെ കുണ്ടള ഡാമിൽ ശനിയാഴ്ച കുറഞ്ഞ താപനില 7.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മൂന്നാറിൽ 9.7 ഡിഗ്രിയും വട്ടവടയിൽ 10.9 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

കുണ്ടള, മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽ പുലർച്ചെ ശക്തമായ തണുപ്പും കോടമഞ്ഞും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളിലും തണുപ്പ് വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഹൈറേഞ്ചിൽ രാത്രികാല തണുപ്പ് തുടരുമെന്നാണ് വിലയിരുത്തൽ. ഡിസംബർ പകുതിയോടെ തണുപ്പ് കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.

അതേസമയം, പകൽ സമയത്തെ ചൂടിന് സംസ്ഥാനത്ത് കാര്യമായ കുറവില്ല. പലയിടങ്ങളിലും താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ്. മഴയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ നവംബർ 14 വരെ സംസ്ഥാനത്ത് 21 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 404.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 321 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.

മറുപടി രേഖപ്പെടുത്തുക